മതിൽ പൊളിക്കൽ പതിവാക്കി സിപിഎം; കോടതിയെ മറികടന്ന് ഭീഷണി, മർദ്ദനം.

മതിൽ പൊളിക്കൽ പതിവാക്കി സിപിഎം; കോടതിയെ മറികടന്ന് ഭീഷണി, മർദ്ദനം.
പത്തനംതിട്ട:  ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം വസ്തു സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി പി. സി. ജോയി. ഒന്നിലേറെത്തവണയാണ് വസ്തുവിന്‍റെ മതില്‍ സംഘം പൊളിച്ചു നീക്കിയത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെയാണ് അതിക്രമം നടത്തിയതും വസ്തു ഉടമയായ തന്നെ മർദ്ദിച്ചതുമെന്നും ജോയി പറയുന്നു.
     പി. സി. ജോയി 10 വര്‍ഷം മുന്‍പാണ് മല്ലപ്പള്ളിയില്‍ 46 സെന്‍റ് സ്ഥലം വാങ്ങി അളന്നു തിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനെന്ന പേരില്‍ ഒരു സംഘം രാത്രിയില്‍ കടന്നു കയറി മണ്ണുമാന്തി കൊണ്ട് വസ്തുവിനെ കീറിമുറിച്ച് മൂന്നടി ആഴത്തില്‍ ചാലു വെട്ടി. പഞ്ചായത്തംഗം ഇമ്മാനുവലിനെ അടക്കം പ്രതിയാക്കി ജോയി പരാതി നല്‍കി. പൊലീസിന്‍റെ നിര്‍ദ്ദേശ പ്രകാരം, അതിരുകളില്‍ കോണ്‍ക്രീറ്റ് തൂണും മുള്ളുവേലിയും സ്ഥാപിച്ചു. തൊട്ടു പിന്നാലെ കുന്നന്താനം പഞ്ചായത്ത് മുൻ പ്രസിഡന്‍റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ സുബിന്‍ കുന്നന്താനത്തിന്‍റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരെത്തി ഇതു പൊളിച്ചു നീക്കി. പൊലീസ് കേസെടുക്കാതെ വന്നതോടെ കോടതിയെ സമീപിച്ചു. ആരും വസ്തുവില്‍ കടന്നു കയറരുതെന്നും ജോയിക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി അടക്കം ഉത്തരവിട്ടു. പിന്നാലെ ജോയി മതില്‍ കെട്ടാന്‍ തുടങ്ങി. ഇതോടെ വീണ്ടും സുബിന്‍റെ നേതൃത്വത്തില്‍ സംഘമെത്തി ജോയിയെ മര്‍ദ്ദിക്കുകയും രാത്രി മതില്‍ പൊളിക്കുകയും ചെയ്തു.  കഴിഞ്ഞയാഴ്ച മല്ലപ്പള്ളി മുക്കൂരില്‍ അര്‍ദ്ധരാത്രി മതില്‍ തകര്‍ത്ത് വഴിവെട്ടാന്‍ ശ്രമിച്ച സംഭവത്തില്‍, കോടതി തടഞ്ഞാലും വഴിവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത് സുബിനായിരുന്നു.
      നിലവില്‍ പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനിയാണ് സുബിന്‍. കീഴ്‍വായ്പൂര്‍ സ്റ്റേഷനിലെ അന്നത്തെ സിഐയും ആക്രമണത്തിന് കൂട്ടു നിന്നുവെന്നാണ് ജോയിയുടെ പരാതി. ഇതിനെതിരെ പൊലീസ് കംപ്ലയ്ന്റ്സ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ