ന്യൂഡൽഹി∙ വിദേശയാത്ര നടത്തുന്നവര്‍ക്കായി കോവിന്‍ പോര്‍ട്ടല്‍ പരിഷ്കരിക്കും. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയടക്കം ഉള്‍പ്പെടുത്തും. നേരത്തേ വിദേശയാത്രയുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് രണ്ടു വാക്സീനും സ്വീകരിച്ചവർക്ക് ബ്രിട്ടൻ പത്തു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതു വലിയ തർക്കങ്ങൾക്ക് ഇടയാക്കുകയും വിവേചനപരമാണെന്നു വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയും ചെയ്തിരുന്നു.
നിലവിൽ വിദേശയാത്ര കൂടുതൽ സുഗമമാക്കാൻ കോവിൻ പോർട്ടലിൽ പുതിയ പരിഷ്കാരങ്ങൾ വരുത്താനാണു കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ പ്രായം, ലിംഗം, റഫറൻസ് ഐഡി, വാക്സീന്റെ പേര്, സ്വീകരിച്ച തീയതി, വാക്സീൻ നൽകിയ വ്യക്തിയുടെ പേര് എന്നീ വിവരങ്ങളാണ് ഉള്ളത്. പോർട്ടൽ പരിഷ്കരിച്ച് കഴിഞ്ഞാൽ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ഒരു പുതിയ സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഡൗൺലൗഡ് ചെയ്യാം.
അതിൽ ജനനതീയതി ഉൾപ്പെടുത്തിയിട്ടുണ്ടാകും. നിലവിലെ വാക്സീൻ സർട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണെന്നും എന്നാൽ വിദേശയാത്ര ചെയ്യുന്നവർക്കു കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കണമെങ്കിൽ ജനനതീയതി ഉൾപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ