പെട്രോൾ, ഡീസൽ വില കുറയും. ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചാൽ...

പെട്രോൾ, ഡീസൽ വില കുറയും. ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചാൽ...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില 100 രൂപയും കടന്ന് കുതിച്ചുയരുമ്പോള്‍, എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലേക്കാണ്.
       പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ ശരിക്കും വില കുറയുമോ ? കുറഞ്ഞാല്‍ അതിന്റെ പ്രയോജനം ആര്‍ക്കായിരിക്കും ? ഈ നിര്‍ദ്ദേശത്തെ കേരളം എതിര്‍ക്കുന്നത് എന്തു കൊണ്ടാണ് ? പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ആലോചിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ്, ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.  
       അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല. ക്രൂഡോയില്‍ വില കുറയുമ്പോള്‍ നിശ്ചലാവസ്ഥയിലേക്ക് പതുങ്ങുന്ന ഇന്ധനവില, വില വര്‍ദ്ധിച്ചാല്‍ കുതിച്ചുകയറാന്‍ മറക്കാറില്ലെന്നതാണ് വസ്തുത. പെട്രോളും ഡീസലും ജിഎസ്ടി പരിധിയിലേക്ക് കൊണ്ടുവന്നാല്‍ വില കുറയുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പിന്നെ എന്തിനായിരിക്കും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം കിട്ടുന്ന ഈ കാര്യത്തെ എതിര്‍ക്കുന്നത് ? അതിനൊരു കാരണമുണ്ട്. അതിന് മുമ്പ് ജിഎസ്ടിയിലേക്ക് പെട്രോളും ഡീസലും കൊണ്ടുവന്നാല്‍ വില എത്ര കുറയുമെന്ന് പരിശോധിക്കാം.

55 രൂപയ്ക്ക് പെട്രോള്‍ കിട്ടുമോ ? 
       നിലവില്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 103.43 രൂപയും ഡീസലിന് 95.4 രൂപയാണ്. കേന്ദ്ര എക്സൈസ് നികുതി, സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ്, വിവിധ സെസ്സുകള്‍ എന്നിവ ഇന്ധന വിലയ്ക്കൊപ്പം ചേര്‍ത്ത ശേഷമുളള തുകയാണ് പമ്പുകളില്‍ പൊതുജനം നല്‍കേണ്ടി വരുന്നത്. പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. ഡീസല്‍ വിലയുടെ 35 ശതമാനാണ് കേന്ദ്ര നികുതി. ജിഎസ്ടി വന്നാല്‍ പരമാവധി നികുതി നിരക്കായ 28 ശതമാനമാണ് ഇന്ധനത്തിന് ചുമത്താനാവുക. കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാന സര്‍ക്കാരിന് 14 ശതമാനവും നികുതി വിഹിതം ഇതിലൂടെ ലഭിക്കും.
      ഇങ്ങനെ ഒരു നികുതി സംവിധാനം നടപ്പായാല്‍ ഇന്ധന വിലയില്‍ വലിയ കുറവുണ്ടാവും. നിലവില്‍ 39.52 രൂപയാണ് പെട്രോളിന്‍റെ അടിസ്ഥാന വില. 28 ശതമാനത്തിന്‍റെ ജിഎസ്ടി സ്ലാബിലാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ അടിസ്ഥാന വിലയുടെ 28 ശതമാനമാകും പരമാവധി വില. അതായത് 11.06 രൂപയായിരിക്കും നികുതി. ജിഎസ്ടിക്കൊപ്പം ഡീലര്‍ കമ്മീഷനായ 3.79 രൂപയും കൂട്ടിയാല്‍ 55 രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിന് പമ്പിലെ വില. സെസ്സുകള്‍ ഉള്‍പ്പെടുത്തിയാല്‍ ഈ വില പിന്നെയും വര്‍ദ്ധിക്കും. എന്നാൽ, ഇത്രയും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വിതരണം ചെയ്യാന്‍ സാധ്യതയില്ല. 50 ശതമാനം എന്നൊരു പുതിയ ജിഎസ്ടി സ്ലാബ് കൂടി കൊണ്ടുവന്നാല്‍ നികുതി 19.76 രൂപയായിരിക്കും.
അങ്ങനെയെങ്കില്‍, ഒരു ലിറ്റര്‍ പെട്രോളിന് 63 രൂപയായിരിക്കും വില. ഇനി 100 ശതമാനം എന്നൊരു ജിഎസ്ടി സ്ലാബുണ്ടാക്കിയാല്‍ 39.52 രൂപ നികുതിയും അടിസ്ഥാന വിലയും ഡീലര്‍ കമ്മീഷനും ചേര്‍ന്നാല്‍ 83 രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിന് ജനങ്ങള്‍ നല്‍കേണ്ടി വരുന്ന വില.

എന്തുകൊണ്ട് കേരളം എതിര്‍ക്കുന്നു ?
      പെട്രോള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വന്നാല്‍ ഒരു വര്‍ഷം 1,000 കോടി രൂപയുടെയെങ്കിലും നികുതി നഷ്ടം കേരളത്തിനുണ്ടാകും എന്നാണ് കണക്ക്. അതു കൊണ്ടു തന്നെയാണ് കേരളം ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നതും. എന്നാല്‍, ജിഎസ്ടിക്കൊപ്പം സെസ് കൂടി ഏര്‍പ്പെടുത്തി വേണമെങ്കില്‍ നികുതി വരുമാനം കുറയാതിരിക്കാനുളള മാര്‍ഗ്ഗങ്ങളും കേന്ദ്ര സര്‍ക്കാരിന് തേടാവുന്നതാണ്. പെട്രോള്‍ ഉത്പന്നങ്ങളുടെ വിലയില്‍ നല്ലൊരു ശതമാനം കേന്ദ്രവിഹിതമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരുകള്‍ പിടിച്ച്‌ നില്‍ക്കുന്നതും പെട്രോള്‍ ഉത്പന്നങ്ങളുടെ വില്‍പനയിലൂടെയാണ്. അതിനാലാണ് കേരളം ഉള്‍പ്പെടയുള്ള മിക്ക സംസ്ഥാനങ്ങളും പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുന്നത്. പെട്രോള്‍ ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രത്യക്ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് ലാഭമുണ്ടാകും. സര്‍ക്കാരിന്റെ വരുമാന നഷ്ടം നികത്താന്‍ മറ്റ് നികുതികള്‍, സ്റ്റാമ്പ് ഡ്യൂട്ടി, സര്‍ക്കാര്‍ ഫീസുകള്‍ എന്നിവയുടെ നിരക്ക് സ്വാഭാവികമായും കൂടും. ഫലത്തില്‍ ഈയിനത്തില്‍ കിട്ടുന്ന ലാഭം മറ്റ് രീതിയില്‍ ജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുക തന്നെയാണ് ചെയ്യുന്നത്.

എണ്ണ, സര്‍ക്കാറിന്റെ അക്ഷയഖനി.
      ജിഎസ്ടി കൗണ്‍സില്‍ അത്രയെളുപ്പത്തില്‍ നികുതി കുറയ്ക്കുമെന്ന് കരുതേണ്ട. കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അക്ഷയഖനിയാണ് ഇന്ധന നികുതി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 5.55 ലക്ഷം കോടി രൂപയാണ് കേന്ദ്രവും സംസ്ഥാനങ്ങളും നികുതിയിനത്തില്‍ ജനങ്ങളിൽ നിന്ന് ഊറ്റിയെടുത്തത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതില്‍ കേന്ദ്രത്തിന് കിട്ടിയ വിഹിതം 3.71 ലക്ഷം കോടി. സംസ്ഥാനങ്ങള്‍ക്ക് 2.02 ലക്ഷം കോടിയും. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം 3.92 ലക്ഷം കോടിയാണ് ഈയിനത്തില്‍ ലക്ഷ്യം വയ്ക്കുന്നത്.

Post a Comment

أحدث أقدم