ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിക്കുന്നു.
തിരു.: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം കെ.എസ്.ഇ.ബി അവസാനിപ്പിക്കുന്നു. യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചതിനാലാണിത്. ആറു മാസത്തിനുള്ളില്‍ അറൂന്നൂറ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുകയാണ്.
      സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-വെഹിക്കിള്‍ നയപ്രകാരം വൈദ്യുതി ചാര്‍ജ്ജ് സ്റ്റേഷനുകൾ‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആറ് കോര്‍പ്പറേഷന്‍ പരിധികളില്‍ ഇതിന്‍റെ ഭാഗമായി കെ.എസ്.ഇ.ബി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് റീചാര്‍ജ്ജിംഗ് സൗജന്യമാക്കിയിരുന്നു.
ഇതവസാനിപ്പിക്കുകയാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
      രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. ഇതിനായി റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. യൂണിറ്റിന് 15 രൂപ നിരക്കിലാണ് ഈടാക്കുന്നത്. ഒരു കാര്‍ ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടി വരും. എന്നാല്‍ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ഇത് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തല്‍. കൊവിഡ് ലോക്ഡൗണും മാന്ദ്യവുമൊക്കെ വന്നെങ്കിലും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തുന്നത്.
      കഴിഞ്ഞ വര്‍ഷം 1324 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്തത്. എന്നാല്‍ ഈ വർഷം ഇതുവരെ 3313 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നത്.
      അതേസമയം, പല നഗരങ്ങളിലും ചാർജിംഗ് സ്റ്റേഷനുകൾ ഇല്ലെന്നുള്ളത്, വൈദ്യുത വാഹനങ്ങൾ വാങ്ങാതിരിക്കാൻ ആളുകൾ പറയുന്ന ഒരു കാര്യമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ