കോവിഡനന്തര ചികിത്സ കുട്ടികൾക്കും സൗജന്യമല്ല.
തിരു.: മൂന്നാം തരംഗത്തിൽ രോഗബാധിതരാവാൻ ഏറെ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന കുട്ടികൾക്കും കോവിഡാനന്തര ചികിത്സ സൗജന്യമല്ലാതായി. സർക്കാർ ആശുപത്രികളിൽ എ.പി.എൽ. വിഭാഗക്കാരിൽ നിന്ന് പണം ഈടാക്കാനുള്ള തീരുമാനമാണ് ഈ വിഭാഗത്തിൽപ്പെടുന്ന പതിനെട്ടിൽത്താഴെയുള്ള കുട്ടികൾക്കും വിനയാകുന്നത്. നിലവിൽ വിവിധ പദ്ധതികളിലൂടെ എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ പതിനെട്ടിൽ താഴെയുള്ള കുട്ടികൾക്ക് മുഴുവൻ ചികിത്സയും സൗജന്യമാണ്. എന്നാൽ, കോവിഡ് ഗുരുതരമാകുന്ന കുട്ടികളിൽ കാണുന്ന മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം പോലെയുള്ള രോഗാവസ്ഥകൾക്കും തുടർ ചികിത്സയ്ക്കും മറ്റുള്ളവർക്ക് നിശ്ചയിച്ച നിരക്കിൽ പണം നൽകണമെന്ന് ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ആർ.ബി.എസ്.കെ., ആരോഗ്യകിരണം തുടങ്ങിയ പദ്ധതികൾ വഴിയാണ് കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകിയിരുന്നത്. ആർ.ബി.എസ്.കെ. വഴി പതിനെട്ടിൽതാഴെയുള്ള കുട്ടികൾക്ക് 30 അസുഖങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും സൗജന്യമാക്കിയിരുന്നു. ഇത്തരം പദ്ധതികളിലൊന്നും കോവിഡ് ചികിത്സയെ ഉൾപ്പെടുത്തിയിട്ടുമില്ല. പുനഃപരിശോധിച്ചേക്കും കോവിഡനന്തര ചികിത്സയ്ക്ക് എ.പി.എൽ. വിഭാഗക്കാരിൽനിന്ന് പണം ഈടാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത് സർക്കാരിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ധനവകുപ്പിന്റെ കർശന നിലപാടിനെത്തുടർന്നാണെന്ന് ആരോപണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉത്തരവിറങ്ങും മുമ്പ് അറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡനന്തര ചികിത്സയുമായി ബന്ധപ്പെട്ട് രോഗികളുടെ എണ്ണം ഉയർന്നിട്ടുണ്ട്. അതേസമയം, ഉത്തരവിലെ അവ്യക്തത നീക്കാൻ ആരോഗ്യ സെക്രട്ടറിയോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ