പ്രീ-പെയ്ഡ് വൈദ്യുതി കേരളത്തിലും.
തിരു.: വൈദ്യുതിക്ക് മുൻകൂർ പണം നൽകേണ്ട പ്രീ-പെയ്ഡ് സ്മാർട്ട് മീറ്റർ കേരളത്തിലും വരും. രാജ്യത്തെ എല്ലാ വൈദ്യുതകണക്ഷനും 2025 മാർച്ചോടെ പ്രീ-പെയ്ഡ് മീറ്റർ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം. കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്. വലിയ മുതൽ മുടക്കുള്ളതിനാൽ പ്രീ-പെയ്ഡ് മീറ്റർ ഏർപ്പെടുത്തുന്നതിനോട് മുഖം തിരിച്ചു നിൽക്കുകയായിരുന്നു കേരളം. എന്നാൽ കേന്ദ്രവിജ്ഞാപനം വന്ന സ്ഥിതിക്ക് ബോർഡിനും ഉപഭോക്താക്കൾക്കും സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത വിധം ഘട്ടങ്ങളായി ഇത് നടപ്പാക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു.
രണ്ടു ഘട്ടങ്ങളാണ് കേന്ദ്രം നിർദ്ദേശിച്ചത്. 2023 ഡിസംബറും 2025 മാർച്ചും. പ്രസരണം, വിതരണം, ബില്ലിങ് എന്നിവ ചേർത്ത് 25 ശതമാനത്തിലേറെ നഷ്ടമുള്ള പ്രദേശങ്ങൾ 2023 ഡിസംബറിനകം പൂർണ്ണമായും പ്രീപെയ്ഡ് മീറ്ററിലേക്ക് മാറണം. അല്ലാത്ത സ്ഥലങ്ങളിൽ ബ്ലോക്ക് തലം മുതലുള്ള സർക്കാർ ഓഫീസുകളും വാണിജ്യ വ്യവസായ ഉപഭോക്താക്കളും പുതിയ മീറ്റർ സ്ഥാപിക്കണം. 2019-20 ലെ കണക്കനുസരിച്ച് കേരളത്തിൽ പ്രസരണ വിതരണനഷ്ടം 10 ശതമാനമാണ്. ബില്ലിങ്ങിലെ നഷ്ടവും കൂടി ചേർത്താലും ഇത് 15 ശതമാനത്തിൽ താഴെയാണ്. അതിനാൽ 2023 ഡിസംബറിന് മുമ്പ് കേരളം പൂർണ്ണമായും പ്രീപെയ്ഡ് മീറ്ററിലേക്ക് മാറേണ്ടി വരില്ല. പകരം, ആ സമയത്തിനുള്ളിൽ സർക്കാർ ഓഫീസുകളിലും, വാണിജ്യ-വ്യവസായ കണക്ഷനും സ്മാർട്ട് മീറ്റർ ഘടിപ്പിക്കണം. മതിയായ കാരണമുണ്ടെങ്കിൽ റെഗുലേറ്ററി കമ്മീഷന് ആറു മാസം വീതം രണ്ടു തവണയായി ഒരു വർഷം വരെ സാവകാശം അനുവദിക്കാം. 2025-ഓടെ എല്ലാ പ്രദേശങ്ങളിലും പുതിയ മീറ്ററിങ് സമ്പ്രദായം ഏർപ്പെടുത്തേണ്ടി വരും.
പണം മുൻകൂറായി ലഭിക്കുന്നത് ബോർഡിനും ഗുണകരമാണ്. സെക്ഷൻ ഓഫീസിലിരുന്നു ഉപഭോഗം അറിയാനും വൈദ്യുതി വിച്ഛേദിക്കാനും കഴിയും. മീറ്റർ റീഡിങ്ങും ഒഴിവാകും. 8000 രൂപയാണ് സ്മാർട്ട് മീറ്ററിന്റെ വില.
അതേ സമയം, കൂനിൻമേൽ കുരു എന്ന പോലെ, വിവിധ ജീവിത ബുദ്ധിമുട്ടുകൾക്കിടയിൽ, അടുത്ത ഇരുട്ടടിയായാണ് സാധാരണ ജനങ്ങൾ ഇതിനെ കാണുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ