പ്രതിഷേധിക്കാൻ അവകാശമുണ്ട്; ഗതാഗതം തടസ്സപ്പെടുത്താനാകില്ല: സുപ്രീം കോടതി.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കർഷകർക്ക് അവകാശമുണ്ടെന്നും എന്നാൽ പൊതുഗതാഗതം തടസ്സപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി. കർഷകരുടെ പ്രക്ഷോഭം കാരണമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ മാർഗ്ഗം കണ്ടെത്തണമെന്നു കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
കർഷകരുടെ പ്രതിഷേധം കാരണം ഗതാഗത കുരുക്ക് ഉണ്ടാകുന്നുവെന്ന് കാണിച്ച് നോയിഡ സ്വദേശിനി മോണിക്ക അഗർവാൾ നൽകിയ റിട്ട് ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ‘ഇതിനു പരിഹാരം കേന്ദ്ര സർക്കാരിന്റെ കൈകളിലാണ്. പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഗതാഗതം ഒരു തരത്തിലും തടസ്സപ്പെടുത്തരുത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്’– ജസ്റ്റിസ് എസ്. കെ. കൗൾ, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എന്തുകൊണ്ടാണ് ഇതിനു പരിഹാരം കണ്ടെത്താൻ കഴിയാത്തതെന്ന് ബെഞ്ചിലെ അദ്ധ്യക്ഷനായ ജസ്റ്റിസ് എസ്. കെ. കൗൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ ഗതാഗതം തടസ്സപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2020ൽ പാർലമെന്റ് പാസാക്കിയ മൂന്ന് കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കഴിഞ്ഞ നവംബർ മുതൽ ഡൽഹിയിൽ പ്രതിഷേധിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ