എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിടം ചെരിഞ്ഞു; ഒഴിവായത് വൻ അപകടം.
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടം ചെരിഞ്ഞു. നേരത്തെ മാസ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇത്. കോൺഗ്രസ് ഓഫിസ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. കെട്ടിടം ഏതു സമയവും പൊളിഞ്ഞു വീഴുമെന്ന നിലയിലാണുള്ളത്. സമീപത്തെ കെട്ടിടങ്ങൾക്കും ഭീഷണിയായി. ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ച് പ്രവേശനം തടഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് താഴെയുള്ള കടകളിലുണ്ടായിരുന്നവർ പുറത്തിറങ്ങി നോക്കുമ്പോഴാണ് കെട്ടിടം ചെരിയുന്നത് കണ്ടത്. ഓഫീസുകൾ കുറച്ചു നാളായി പ്രവർത്തിച്ചിരുന്നില്ല. കെട്ടിടത്തിലെ വിലപിടിപ്പുള്ള സാധനങ്ങൾ മാറ്റുന്നതിനും സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചു നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടികൾ വൈകാതെയുണ്ടാകും.
ഇതുവഴി റെയിൽവേ സ്റ്റേഷനിലേയ്ക്കു പോകുന്നതും തടഞ്ഞു. പകരം ചിറ്റൂർ റോഡു വഴി റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത ഗേറ്റിലൂടെ അകത്തു പ്രവേശിക്കാവുന്നതാണ്. വൻ ജനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചു. പൊലീസ് എത്തി ആളുകളോട് പിരിഞ്ഞു പോകുന്നതിന് ആവശ്യപ്പെടുന്നുണ്ട്. എട്ടിലധികം കടകളും മുകളിൽ ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇത്. കാലപ്പഴക്കമാണ് കെട്ടിടം തകരാൻ കാരണമെന്നു കരുതുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ