മാസ്ക് വച്ചില്ലെന്നാരോപിച്ച്‌ യുവാവിന്റെ കാല്‍ പൊലീസ് ഒടിച്ചു.

മാസ്ക് വച്ചില്ലെന്നാരോപിച്ച്‌ യുവാവിന്റെ കാല്‍ പൊലീസ് ഒടിച്ചു.
കോട്ടയം: മാസ്ക് വച്ചില്ലെന്നാരോപിച്ച്‌ യുവാവിന്റെ കാല്‍ പൊലീസ് ഒടിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിന്റെ കാലാണ് ഒടിച്ചത്.
       സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ട്രോള്‍ റൂം ഗ്രേഡ് എസ്‌ഐ എം. സി. രാജുവിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് മുന്‍വശം നില്‍ക്കുന്നതിനിടെ പൊലീസ് എത്തി അതിക്രമം കാണിച്ചു എന്നാണ് അജി കുമാര്‍ പരാതിപ്പെടുന്നത്. സ്ഥലത്തുണ്ടായിരുന്നവരും അജികുമാര്‍ പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടു പോകുമ്പോഴാണ് അതിക്രമം ഉണ്ടായത്. വാഹനത്തിലേക്ക് തള്ളി കയറിയപ്പോള്‍ കാല്‍ ഡോറിന് ഇടയില്‍ വീണു പൊട്ടല്‍ ഏല്‍ക്കുകയായിരുന്നു എന്ന് അജികുമാറും ദൃക്സാക്ഷികളും പറയുന്നു. കാല്‍ ഡോറിന് ഇടയില്‍ ഉണ്ടെന്ന് പറഞ്ഞിട്ടും രണ്ടു തവണ വലിച്ച്‌ അടയ്ക്കാന്‍ എസ് ഐ ശ്രമിച്ചെന്നാണ് അജികുമാര്‍ പറയുന്നത്. അതേസമയം, പരിക്കേറ്റ അജികുമാറിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാസ്ക് വച്ചില്ല എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

വളരെ പുതിയ വളരെ പഴയ