പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി തട്ടിപ്പെന്ന് നെൽകർഷകർ, തിരുവോണ ദിവസം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം.
കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയായ ഫസൽ ബീമാ യോജന ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ നെൽകർഷകർക്ക്, കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ കൃഷി നശിച്ച പോളിസി ഉടമകൾക്ക് നഷ്ടപരിഹാരം നൽകാതെ വഞ്ചിച്ച നടപടിക്കെതിരെ പ്രതിഷേധമായി ജില്ലയിലെ നെൽകർഷകർ തിരുവോണദിവസം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം അനുഷ്ഠിക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമരം സമരസമിതി കൺവീനറും വൈക്കം തലയാഴം വനം സൗത്ത് പാടശേഖരത്തിന്റെ പ്രസിഡണ്ടുമായ സിബിച്ചൻ ഇടത്തിൽ ഉദ്ഘാടനം ചെയ്യും. 2018 മുതൽ ഉണ്ടാവുന്ന തുടർച്ചയായ വെള്ളപ്പൊക്കവും കൃഷിനാശവും മൂലം ജില്ലയിലെ നെൽകർഷകർ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൃഷി വായ്പകൾ പോലും തിരിച്ചടയ്ക്കാനാവാതെ കർഷകർ ബുദ്ധിമുട്ടുന്നു. ഇനിയും ഇത്തരത്തിൽ നഷ്ടം സഹിക്കാൻ ത്രാണി ഇല്ലാത്തതിനാലാണ്, ജില്ലയിലെ നെൽകർഷകർ വ്യാപകമായി കഴിഞ്ഞ വർഷം പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായത്. ഏക്കറിന് 640 രൂപ പ്രീമിയം നൽകിയാണ് പദ്ധതിയിൽ ചേർന്നത്. വിതച്ച് 40 മുതൽ 50 വരെ ദിവസം പ്രായമായ നെൽച്ചെടികളാണ് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നശിച്ചത്. എന്നാൽ ഒരു പഞ്ചായത്തിലെ കൃഷിനാശം സംഭവിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പാലിക്കാതെ വന്നതിനാൽ, നഷ്ടപരിഹാരം നൽകുവാൻ നിർവാഹമില്ലെന്നാണ് പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പുകാരായ തിരുവനന്തപുരം അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി അറിയിക്കുന്നത്. 2018 മുതൽ കർഷകർ ഇതിൽ അംഗങ്ങൾ ആകുന്നുണ്ടെങ്കിലും ആർക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കോടിക്കണക്കിന് രൂപയാണ് ഇൻഷുറൻസ് കമ്പനി പ്രീമിയമായി കർഷകരെയും കേന്ദ്ര സംസ്ഥാന സർക്കാരിനെയും കബളിപ്പിച്ച് കൈക്കലാക്കുന്നത്. 2018 മുതലുള്ള പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി അന്വേഷിക്കുക, കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നേടി തരുവാൻ കളക്ടർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ തിരുവോണദിവസം നിരാഹാരസമരം ഇരിക്കുന്നത്. സമരത്തോടൊപ്പം വ്യാപകമായി കർഷകരെ സംഘടിപ്പിച്ചു ത്രിതല പ്രശ്നപരിഹാര സംവിധാനത്തിൽ (grievance redressal mechanism) പരാതിയുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചിരിക്കുകയാണ്. ആദ്യപടിയായി സെപ്തംബർ 15ന് മുമ്പായി 500 കർഷകരുടെ പരാതി സ്വീകരിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിക്കുമെന്ന് സമരസമിതി കൺവീനർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ