അഭ്യൂഹങ്ങൾക്ക് വിരാമം. നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു.

അഭ്യൂഹങ്ങൾക്ക് വിരാമം. നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. 
തിരുവല്ല: പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. തിരുവല്ലയിൽ റസ്റ്റോറന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നു കിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ്, കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്റോറന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.
       സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു. രണ്ട് ആഴ്ച മാത്രം മുമ്പ് മരിച്ച, ഷീബയായിരുന്നു ഭാര്യ. മകൾ: നഷ്‌വ.
     ഇന്നലെ മുതൽ നൗഷാദ് മരിച്ചെന്ന വാർത്തകൾ വരുന്നുണ്ടായിരുന്നു. എങ്കിലും ആശുപത്രിയിലെ ചില പ്രശ്നങ്ങളുടെ പേരിൽ മരണം പുറത്തു വിടാതിരിക്കുകയായിരുന്നെന്നും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ