കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് വികസനം ആദ്യ ഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാക്കും.

കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് വികസനം ആദ്യ ഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാക്കും.
കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. മന്ത്രി വി. എന്‍. വാസവനൊപ്പം ടെര്‍മിനലിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. 
       ടെര്‍മിനലും യാർഡും പല ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. ടെര്‍മിലനിന്‍റെ ആദ്യ ഘട്ടമായി ആറായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. ഇത് ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 
       നിലവില്‍ ബസ് സ്റ്റാന്‍റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൊളിച്ചു മാറ്റും. ജീവനക്കാര്‍ക്കായി താത്കാലിക സംവിധാനം ഒരുക്കും. ഇപ്പോള്‍ ബസ് സ്റ്റാന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മൂന്നു നിലകളില്‍ ഒന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ യാർഡ് നിര്‍മിക്കുന്നത്. ഇതിന്‍റെ ആദ്യ നില ജനുവരിയില്‍ പൂര്‍ത്തിയാകും. കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്ത് ആദ്യമായി പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതി  പ്രയോജനപ്പെടുത്തുന്നത് കോട്ടയത്താണ്. നൂതനവും ചെലവു കുറഞ്ഞതുമായ ഈ രീതിയില്‍ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുമാകും.
       ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യ ഘട്ടത്തിന് യഥാക്രമം 94 ലക്ഷം രൂപയും 97 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുക. 
       കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍റെ മതില്‍ പൊളിച്ച് സ്ഥലം വിട്ടുകൊടുത്ത് ആനന്ദ് തീയേറ്ററിലേക്കുള്ള റോഡിന്‍റെ വീതി നിലവിലുള്ളതിന്‍റെ ഇരട്ടിയിലധികമാക്കും.  കെ.എസ്.ആര്‍.ടി.സി ഗാരേജിലേക്ക് ബസുകള്‍ കൊണ്ടുപോകുന്നതിനും ഈ വഴി പ്രയോജനപ്പെടുത്തും.  രണ്ടാഴ്ച്ചയിലൊരിക്കല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. 
       കോട്ടയത്തിന്‍റെ ദീര്‍ഘനാളായുള്ള കാത്തിരിപ്പാണ് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും നിര്‍മ്മാണത്തിലൂടെ സഫലമാകുന്നതെന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. ബസ് ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും തുടര്‍ന്നുള്ള ഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ബാങ്കിന്‍റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
       തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. പി. കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Post a Comment

വളരെ പുതിയ വളരെ പഴയ