പീരുമേട് താലൂക്കാശുപത്രിയില്‍ എല്ലാ സേവങ്ങളും ലഭിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
തൊടുപുഴ: സര്‍ക്കാര്‍ മാനദണ്ഡപ്രകാരം താലൂക്ക് ആശുപത്രിയില്‍ നിന്നു ജനങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ ചികിത്സയും അനുബന്ധ സേവനങ്ങളും പീരുമേട് താലൂക്കാശുപത്രിയില്‍ നിന്ന് രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഇതു സംബന്ധിച്ച് ഉത്തരവ് നല്കി.
താലൂക്ക് ആശുപത്രിക്ക് ആവശ്യമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ആവശ്യമുള്ള തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി ജനക്ഷേമപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആശുപത്രിയെ സജ്ജമാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പീരുമേട് സ്വദേശി ടി.എം. ആസാദ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഉത്തരവിന്മേല് സ്വീകരിച്ച നടപടികള്‍ അടുത്ത മാസം 18 നകം കമ്മീഷനെ അറിയിക്കണം. ഓഗസ്റ്റ് 31നു കേസ് വീണ്ടും പരിഗണിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ