രാമായണ പുണ്യം നിറച്ച് കര്‍ക്കിടകം; ഇനി വ്രതശുദ്ധിയുടെ നാളുകള്‍
ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കിടകപ്പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ ശീലുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിത്ത് വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ട് ജീവിച്ചു പോന്ന മാസം. കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താന്‍ കൂടുതലായി പ്രാര്‍ത്ഥനകളില്‍ മുഴുകിയിരുന്നു.
പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തി വരുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണപാരായണം ഈ മാസം നടത്തി വരുന്നു. അതോടൊപ്പം ചിലര്‍ വ്രതമെടുക്കുന്നു. അതിനാല്‍ കര്‍ക്കിടകം ‘രാമായണമാസം’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.
ബാലീ നിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതു വരെ ശ്രീരാമന്‍ ഗുഹയില്‍ തപസ്സു ചെയ്ത കാലമാണ് രാമായണമാസമായി ആചരിക്കുന്നതെന്ന മറ്റൊരു ഐതിഹ്യവും ഈ മാസവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പഴമയിലെ കര്‍ക്കിടകത്തിലെ കഷ്ടകാലം ഇന്നില്ലെങ്കിലും കൊവിഡ് ഉള്‍പ്പെടെയുള്ള മഹാമാരിക്കാലത്തെ ദുരിതം പേറുന്ന കര്‍ക്കിടകമാസം കൂടിയാണ് ഇത്തവണത്തേത്.
അതുകൊണ്ട് തന്നെ കൂടുതല്‍ കരുതല്‍ ആവശ്യമായ മാസം കൂടിയാണിത്. കേരളത്തില്‍ കനത്ത മഴയും ഈ മാസത്തില്‍ എത്തുകയായി. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാല്‍ ‘കള്ളക്കര്‍ക്കിടകം’ എന്ന ചൊല്ലു തന്നെ നിലവിലുണ്ട്. ‘മഴക്കാല രോഗങ്ങള്‍’ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും കര്‍ക്കിടകത്തെ പറയുന്നു.
കര്‍ക്കിടക മാസത്തില്‍ ആരോഗ്യ പരിപാലനത്തിനായി കര്‍ക്കിടകക്കഞ്ഞി കുടിക്കുന്നതും പതിവാണ്. പല ആയുര്‍വ്വേദ കേന്ദ്രങ്ങളും കര്‍ക്കിടകത്തില്‍ ‘എണ്ണത്തോണി’ മുതലായ പ്രത്യേക സുഖചികിത്സയും ഇന്ന് ഒരുക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ