തമിഴ്‌നാടിനെ രണ്ട് സംസ്ഥാനമായി വിഭജിക്കാന്‍ കേ‌ന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

തമിഴ്‌നാടിനെ രണ്ട് സംസ്ഥാനമായി വിഭജിക്കാന്‍ കേ‌ന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

എഐ‌ഡിഎംകെ ശക്തിപ്രദേശങ്ങളെ കൊങ്കുനാട് എന്ന പേരില്‍ കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നതായി ശനിയാഴ്‌ചയാണ് ഒരു തമിഴ്‌പത്രം വാര്‍ത്ത പുറത്ത് വിട്ടത്. ഇതോടെ വിഷയം ട്വിറ്ററില്‍ ചര്‍ച്ചയായി. ഡിഎംകെയില്‍ നിന്നുള്ള വെല്ലുവിളി ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സൂചന. അതേസമയം, ഇത്തരത്തില്‍ ഒരു നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അധികാരമേറ്റ ശേഷം കേന്ദ്ര സര്‍ക്കാരിനെ ഒന്‍ട്രിയ അരശ് (യൂണിയന്‍ സര്‍ക്കാര്‍) എന്ന് വിളിക്കാന്‍ തുടങ്ങിയതുള്‍പ്പടെ പല വിഷയങ്ങളിലും ഡിഎംകെയുമായി ബിജെപിക്ക് ഭിന്നതയുണ്ട്. അതേസമയം, എ.ഐ.എ.ഡി.എം.കെ. കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. ഇവിടെ ബിജെപിക്കും സ്വാധീനമുണ്ട്. തമിഴ്‌നാട്ടില്‍ ബിജെപിയും എഐ‌ഡിഎംകെയും തമ്മില്‍ സഖ്യത്തിലാണ്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മ്മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാട് എന്നറിയപ്പെടുന്ന പ്രദേശത്തിന് കീഴില്‍ നിലവില്‍ പത്തു ലോക്‌സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുമുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
      2024 ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും വാര്‍ത്തയിലുണ്ട്. തമിഴ്‌നാട് വിഭജിക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. അതേസമയം, ഈ നീക്കത്തെ അനുകൂലിക്കുന്നവരും ഉണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ