അർഹതപെട്ട പട്ടികജാതിക്കാരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പട്ടികജാതി മോർച്ച
കേരളത്തിലെ അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന ഭാരവാഹിയോഗം സർക്കാറിനോടവശ്യപ്പെട്ടു. ദാരിദ്ര്യരേഖക്കു താഴെ ലിസ്റ്റിൽ വരേണ്ട അർഹതപ്പെട്ട പട്ടികജാതി കുടുംബങ്ങൾ ഏറെയും എപിഎൽ ലിസ്റ്റിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതു മൂലം പലവിധ സർക്കാർ ആനുകൂല്യങ്ങളും അർഹതപ്പെട്ട പട്ടികജാതി കുടുംബങ്ങൾക്ക് നഷ്ടപ്പെടുകയാണ്. പട്ടിക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ, വീട് നിർമ്മിച്ചു റേഷൻ കാർഡിന് അപേക്ഷിച്ചാൽ, ആദ്യം ലഭിക്കുന്നത് ദാരിദ്ര്യരേഖക്കു മുകളിലുള്ള വെള്ള റേഷൻ കാർഡ് ആണ്, സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ലഭിക്കുന്നത്. ആ കുടുംബത്തിന്റെ ജീവിത സാഹചര്യമോ തൊഴിലോ മറ്റു പശ്ചാത്തലങ്ങളോ അനേഷണം നടത്താതെയാണ് എപിഎൽ ലിസ്റ്റിൽ ഉൾപെടുത്തുന്നത്. ഇങ്ങനെ വരുന്നതു മൂലം ത്രിതല പഞ്ചായത്തുകൾ അടക്കം സർക്കാരിൽ നിന്ന് പട്ടിക വിഭാഗങ്ങൾക്ക് ലഭിക്കേണ്ടതായ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും കിട്ടാതെ വരികയാണ്. സർക്കാരുകൾ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങൾ പോലും കിട്ടുന്നില്ല. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പോലും ബാധിക്കുകയാണ് നിലവിലുള്ള സംവിധാനം. ബിപിഎൽ ലിസ്റ്റ് പുന:പരിശോധിച്ചു, അർഹതപ്പെട്ട പട്ടികജാതി കുടുംബങ്ങളെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു സംസ്ഥാന വ്യാപകമായി താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസുകൾക്കും റേഷനിങ് ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി. എം. മോഹനൻ. അഡ്വ: സ്വപ്നജിത്, എ. കെ. കയ്യാർ, പി. കെ. ബാബു, സിദ്ധാർത്ഥൻ കടലുണ്ടി, രമേശ് കൊച്ചുമുറി, അശോകൻ മുട്ടം, കെ. കെ. ശശി, അഡ്വ: സന്ദീപ് കുമാർ, സിന്ധു ബി. കോതശ്ശേരി, പ്രശാന്ത് മുട്ടത്തറ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ