പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടു ബിജെപി പട്ടികജാതി മോർച്ച കേരളഘടകം കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ദേശീയ പട്ടികജാതി കമ്മീഷനും നിവേദനം നൽകും - ബിജെപി പട്ടികജാതി മോർച്ച

വണ്ടിപെരിയാർ: കേരളത്തിലെ പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കെതിരെ യുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടു ബിജെപി പട്ടികജാതി മോർച്ച കേരളഘടകം കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ദേശീയ പട്ടികജാതി കമ്മീഷനും നിവേദനം നൽകുമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. കേരളത്തിൽ പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരികയാണ്. ഇടതു സർക്കാരിന്റെ ഭരണത്തിൽ പട്ടികജാതി സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ രോഗിയായ പട്ടികജാതി യുവതിക്കു ആംബുലൻസിൽ പീഡനമേറ്റ നാടാണ് കേരളം. വാളയാറിൽ രണ്ടു പട്ടികജാതി പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപെടുത്തി. രാജ്യത്തു ഏറ്റവും അധികം പട്ടികജാതിക്കാർക്ക് നേരെ അതിക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറി. പിഞ്ചു കുട്ടികൾക്ക് വരെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇത് സംബന്ധിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ പിണറായി സർക്കാർ ഗുരുതര വീഴ്ച വരുത്തി. പല കേസിലെയും പ്രതികളെ രക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമം നടന്നിട്ടുണ്ട്. വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന പോലീസ് ഉദ്യോഗസ്ഥനെ പ്രമോഷൻ നൽകുകയാണ് ചെയ്തത്. കേരളത്തിലെ സ്ഥിതി ആശങ്കജനകമാണ്. പട്ടികജാതി ബാലികയെ പീഡിപ്പിച്ചു കെട്ടിതൂക്കിയ സംഭവം കേരളത്തിന്റെ സമൂഹ മനസാക്ഷി യെ ഞെട്ടിച്ചു. ബാലാവകാശ കമ്മീഷന്റെയും സർക്കാരിന്റെയും മൗനം വേദനാജനകമാണ്. ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സാംസ്‌കാരിക നായകരും ദളിത് വനിതാ ആക്റ്റീവിസ്റ്റുകളും കേരളത്തിൽ നടന്ന ക്രൂരമായ പീഡനമരണത്തിൽ മൗനം പാലിച്ചത് അവസരവാദവും ഇരട്ടത്താപ്പുമാണ്. നിങ്ങൾ ഇരയുടെ കൂടെയാണോ വേട്ടക്കാരുടെ കൂടെയാണോ എന്ന് വ്യക്തമാക്കണം. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും  പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. മരണപ്പെട്ട ബാലികയുടെ വീട് ഷാജുമോൻ വട്ടേക്കാട് സന്ദർശിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ . എൻ. മോഹനൻ, സെക്രട്ടറി അശോകൻ മുട്ടം, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് അനീഷ്‌കുമാർ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്. പി. രാജേഷ്,  താലൂക്ക് സമിതി അംഗം സഞ്ജയൻ, പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി വേലുസ്വാമി, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അറുമുഖൻ, ബിജെപി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കണ്ണൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അയ്യപ്പദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം വീട് സന്ദർശിച്ചു

Post a Comment

വളരെ പുതിയ വളരെ പഴയ