ആറു വയസുകാരിയുടെ മരണം കൊലപാതകം; അയൽവാസിയായ യുവാവ് അറസ്റ്റിൽ
ഇടുക്കി വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അയൽവാസിയായ യുവാവ് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ കെട്ടിത്തൂക്കിയതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ അയൽവാസി അർജുൻ അറസ്റ്റിലായി.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിനു പുറത്തു പോയി തിരികെയെത്തിയ സഹോദരനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കാണുന്നത്.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. ഏറെ നാളായി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. മാതാപിതാക്കൾ പണിക്കു പോകുന്ന സമയം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
കൃത്യം നടന്ന ദിവസം കടുത്ത പീഡനത്തിനിരയായ പെൺകുട്ടി ബോധരഹിതയായി. ഇതോടെ മരണപ്പെട്ടുവെന്ന് കരുതി കുട്ടിയെ അർജുൻ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെ നിന്നും കടന്നു കളഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവാവ് കുട്ടിയെ നാളുകളായി പിഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍.
മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്തായിരുന്നു പ്രതി കുട്ടിയെ ചൂഷണം ചെയ്തിരുന്നത്. പോക്സോ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ