നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.

നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.


 
ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറ് ഇടതു എംഎല്‍എമാര്‍ക്കെതിരെയാണ് കോടതി വിധി. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി.
      ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അവകാശം പൊതു നിയമങ്ങളില്‍ നിന്നും ഒഴിവാകാനുള്ള കവാടമല്ലെന്നും കോടതി വ്യക്തമാക്കി.
      കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. ഭരണഘടനയുടെ 194-ാം അനുച്ഛേദത്തിന്റെ തെറ്റായ വായനയാണ്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണ്.
       പബ്ലിക് പ്രോസിക്യൂട്ടറെയും സുപ്രീം കോടതി വിമര്‍ശിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവര്‍ത്തിക്കേണ്ടത് സ്വതന്ത്രമായാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്ന് വിചാരണ വേളയില്‍ കോടതി ചോദിച്ചു. അക്രമങ്ങളില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി ചോദിച്ചിരുന്നു.
       കയ്യാങ്കളിക്കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കള്‍ നശിപ്പിച്ചാല്‍ അതിന് ന്യായീകരണമുണ്ടോ? സഭയില്‍ ഒരു എംഎല്‍എ റിവോള്‍വറുമായി എത്തി വെടിവച്ചാല്‍, നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയോ ?  ആ എംഎല്‍എയ്ക്കും പരിരക്ഷ ലഭിക്കുമോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
    എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്ന് ജസ്റ്റിസ് എം. ആര്‍. ഷായും ചോദിച്ചിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ