യൂറോകപ്പ്: ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി.
വെംബ്ലി: പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തിൽ മുത്തമിട്ടു. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് അസൂറിപ്പടയുടെ വിജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. പെനാൽട്ടിയിൽ ഇറ്റലിയ്ക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ പാഴായി.
നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാർഡോ ബൊനൂച്ചിയും സ്കോർ ചെയ്തു.
1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണീരോടെ സ്വന്തം കാണികൾക്ക് മുന്നിൽ മടക്കം. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയൺസിന് വിനയായത്.
റോബർട്ടോ മാൻചീനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയിൽ മുത്തമിട്ടത്. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ഡോണറുമ്മയെ തെരെഞ്ഞെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ