മഹാവൈദ്യൻ ഡോ. പി. കെ വാര്യർ അന്തരിച്ചു.
ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാവൈദ്യൻ ഡോ. പി. കെ. വാരിയർ(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജൂൺ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.
പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേത്തെ ആദരിച്ചിരുന്നു. പി.കെ വാരിയരുടെ അഭിപ്രായത്തിൽ ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല. അതിൽ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച് കർമ്മനിരതനായ വ്യക്തിയാണ് അദ്ദേഹം.
നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചികിത്സാരീതികൾക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങൾക്കായി പലരും ഇവിടെയെത്തിച്ചേർന്നു.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം കുടുംബത്തിൽ 1921 ജൂൺ 5 നാണ് പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ ജനിക്കുന്നത്. ശ്രീധരൻ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം. കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ ആണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
വൈദ്യപഠനം പൂർത്തിയാക്കിയത് വൈദ്യരത്നം പി. എസ്. വാരിയർ ആയുർവേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ൽ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപർവം’ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
ബഹുമുഖ വ്യക്തിത്വമുള്ള ആയുർവേദ പണ്ഡിതനായിരുന്നു പി. കെ. വാരിയരുടെ അമ്മാവനായ വൈദ്യരത്നം ഡോ:പി. എസ്. വാരിയർ. ആയുർവേദത്തിലും അലോപ്പതിയിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. ഗുരുകുല സമ്പ്രദായത്തിലാണ് അദ്ദേഹം ആയുർവേദ പഠനം നടത്തിയത്. 1902ൽ അദ്ദേഹം മലപ്പുറം ജില്ലയിൽ സ്ഥാപിച്ചതാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല.
ഇന്ത്യയിലും വിദേശത്തുമുള്ള രോഗികൾക്ക് ആയുർവേദ ചികിത്സാവിധികൾ ലഭ്യമാക്കുന്ന വിശ്വസനീയമായ സ്ഥാപനമാണ് ഇത്. ആയുർവേദ മരുന്നുകൾ ചിട്ടകളൊന്നും തെറ്റിക്കാതെ പരിശുദ്ധമായി ഉണ്ടാക്കി രോഗികൾക്ക് നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് 1933ൽ വൈദ്യരത്നം എന്ന സ്ഥാനം നൽകി ആദരിച്ചു.
1944 ലാണ് പി. എസ്. വാരിയർ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആര്യവൈദ്യശാലയെ ചാരിറ്റബിൾ ട്രസ്റ്റ് ആയി നടത്തിക്കൊണ്ടു പോകുന്ന ദൗത്യം ഏറ്റെടുത്ത് ഭംഗിയാക്കുകയാണ് ഡോ: പി. കെ. വാരിയർ ചെയ്തത്.
ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944ൽ ചുമതലയേറ്റത് ഡോ: പി. കെ. വാരിയരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവവാരിയരായിരുന്നു. 1953 ൽ നാഗ്പൂരിൽ വെച്ചുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചതിനു ശേഷം, ഡോ:പി. കെ. വാരിയർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
ആര്യവൈദ്യശാലയിൽ ഇന്നത്തെ രീതിയിലുള്ള പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മാധവ വാരിയർ ആയിരുന്നു. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ: പി. കെ. വാരിയർ. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയർത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും അമ്മാവനെപ്പോലെ തന്നെ നിപുണനായ വൈദ്യനുമായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ