ഒരു ഫാക്ടറിയിൽ സേഫ്റ്റി ഓഫീസറുടെ തസ്തികയിൽ ജോലി ചെയ്യാൻ സ്ത്രീകൾക്കും യോഗ്യതയുണ്ട്. ഹൈക്കോടതി വിധിച്ചു. തൊഴിലെടുക്കാൻ പൂർണ വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകൾക്ക് അവസരം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ ഗവൺമെന്റിനെ ഓർമ്മിപ്പിച്ചു.
എഞ്ചിനീയറിങ് ബിരുദമുള്ള ട്രീസ ജോസഫൈൻ എന്ന യുവതിക്ക് കേരള മെറ്റൽസ് ആന്റ് മിനറൽസിൽ സേഫ്റ്റി ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അപേക്ഷ പരിഗണിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഫാക്ടറീസ് നിയമനം അനുസരിച്ച് രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ നിയോഗിക്കാത്തതാണ് നിയമനത്തിന് തടസ്സമായി നിന്നത്. അതിനാൽ പുരുഷന്മാരായ അപേക്ഷകരുടെ അപേക്ഷ മാത്രമാണ് പരിഗണിച്ചത്. ഇതിനെ തുടർന്നാണ് ജോസഫൈൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പുരുഷന്മാർക്ക് മാത്രമേ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവൂ എന്ന വ്യവസ്ഥ ഭരണഘടനയെ ലംഘിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാൽ ഈ ആധുനിക കാലഘട്ടത്തിൽ പ്രസ്തുത വ്യവസ്ഥ നിയമവിരുദ്ധമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള കാലമാണിതെന്നും കോടതി ഓർമ്മിപ്പിച്ചു. യോഗ്യതയുള്ള സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ