ഡെൽറ്റ ഭീഷണി: നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, വീണ്ടും ‘മാസ്കിട്ട്’ ഇസ്രയേൽ

 


സിഡ്നി∙ കോവിഡിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിട്ട ഓസ്ട്രേലിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കി ഡെൽറ്റ വകഭേദം. രണ്ടാം തരംഗത്തിന്റെ അലയൊലികൾ മാറിയതോടെ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയ ഈ രാജ്യങ്ങളിൽ കേസുകൾ വർധിച്ചതിനാൽ വെള്ളിയാഴ്ചയോടെ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു.


കേസുകൾ കുറഞ്ഞതിനെ തുടർന്ന് തുറന്ന ഓസ്ട്രേലിയയിലെ സിഡ്നിയുടെ പ്രധാനഭാഗങ്ങളെല്ലാം വീണ്ടും അടച്ചു. സാമൂഹിക അകലം പാലിച്ചും, സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയും കോവിഡിനെ തുരത്തിയ ഓസ്ട്രേലിയ കഴിഞ്ഞ ആഴ്ചയോടെയാണ് വീണ്ടും അടയ്ക്കാൻ തീരുമാനിക്കുന്നത്. 65 പേർക്കാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ - Read More

ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകിയെന്ന റെക്കോർഡ് സൃഷ്ടിച്ച ഇസ്രയേലും ഇപ്പോൾ പ്രതിസന്ധിയിലാണ്. മിക്കവാറും ആളുകൾക്ക് വാക്സീൻ നൽകിയതിനാൽ ജൂൺ 15 മുതൽ മാസ്കുകൾ അവർ ഒഴിവാക്കിയിരുന്നു. ഏകദേശം 5.2 മില്യൺ ആളുകൾ ഇവിടെ ഫൈസർ വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിരുന്നു. എന്നാൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം ഇസ്രയേൽ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. നൂറിലധികം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 227 കേസുകൾ രേഖപ്പെടുത്തി. കുറച്ചു ദിവസങ്ങളായി രോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം ഇരട്ടിക്കുകയാണെന്ന് ഇസ്രയേൽ ടാസ്ക് ഫോഴ്സ് അറിയിച്ചു.

ഈ രാജ്യങ്ങൾക്കു പുറമേ റഷ്യ, ഫിജി തുടങ്ങിയ രാജ്യങ്ങളും മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. ഒരു വർഷത്തോളം ഒരു പ്രതിദിന കേസുപോലും റിപ്പോർട്ട് ചെയ്യാതിരുന്ന ഫിജിയിൽ വ്യാഴാഴ്ച 300 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ വകഭേദമാണ് കേസുകൾ കൂടാൻ കാരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യയും ഡെൽറ്റ വകഭേദത്തിനെതിരെ കഠിനമായി പൊരുതുകയാണ്. വ്യാഴാഴ്ച 20,000ലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 


Post a Comment

أحدث أقدم