നയതന്ത്ര സ്വർണക്കടത്ത്: ഫൈസൽ ഫരീദിന്റെ സംഘാംഗം അറസ്റ്റിൽ.
കോഴിക്കോട്ന: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലുൾപ്പെട്ട ദുബായിലെ ഫൈസൽ ഫരീദിന്റ സംഘാംഗമായ കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറിനെ എൻ.ഐ.എ അറസ്റ്റു ചെയ്തു. ദുബായിൽ നിന്ന് നാടുകടത്തപ്പെട്ട ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫൈസൽ ഫരീദിന്റെ പങ്കാളിയായ മൻസൂറിന്റെ മേൽനോട്ടത്തിലാണ് വൈദ്യുത ഉപകരണങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് മുഹമ്മദ് മൻസൂറിനെ നാടു കടത്തുകയായിരുന്നു. കള്ളക്കടത്തിന് പിന്നിലെ ഭീകരബന്ധം അന്വേഷിക്കുന്ന എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
2018ൽ കൊടുവള്ളിയിലെ കുളപ്പൊയിലിൽ കസ്റ്റംസ് പിടിച്ച സ്വർണക്കടത്ത് കേസിലും മൻസൂർ പ്രതിയാണ്. സ്വർണ്ണക്കടത്തിലെ ഭീകരബന്ധം സംബന്ധിച്ച് 20 പ്രതികൾക്കെതിരെ എൻ.ഐ.എ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രതികൾ ഭീകരസംഘം രൂപീകരിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കുറ്റപത്രത്തിൽ പറയുന്നു. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കുറ്റപത്രത്തിലില്ല. തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.ഐ.എയുടെ പ്രതീക്ഷ.
إرسال تعليق