ജൂൺ 26, Mahesh Mangalathu
ഇന്ധന വില ഇന്നും കൂടിയതോടെ, തിരുവനന്തപുരത്തും പെട്രോൾ വില നൂറ് കടന്നു. ഇന്ധന വില വർദ്ധനവ് വാർത്തയല്ലാതാകുമ്പോൾ, ഏറെ ദുരിതമനുഭവിക്കുന്ന ജനങ്ങൾ, സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് ഒരുപോലെ ചോദിക്കുന്നത് നികുതി കുറയ്ക്കാൻ പാടില്ലേയെന്നാണ്. കേന്ദ്രം, ഇന്ധനവില ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചിരുന്നെങ്കിലും, സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായ ജി എസ് ടി കൗൺസിലിൽ ഭൂരിപക്ഷാഭിപ്രായമുണ്ടായിട്ടില്ല. തങ്ങളുടെ നികുതി വരുമാനം കുറവ് വരുന്ന യാതൊരു നീക്കത്തിനോടും മുൻ ധനമന്ത്രി തോമസ് ഐസക്ക് യോജിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ പിൻഗാമിയായ ബാലഗോപാലും അതേ നയം തന്നെയാണ് സ്വീകരിക്കുന്നത്. യാതൊരു കാരണവശാലും ഇന്ധനവില ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം വീണ്ടും പറയുന്നു.
ഇന്ധന വില ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ, പെട്രോളിൻ്റേയും ഡീസലിൻ്റേയും അടിസ്ഥാന വില ഏകദേശം 35 രൂപയിൽ നിൽക്കെ, ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ, പരമാവധി നികുതി താരിഫായ 28 % മാത്രമേ ഈടാക്കാൻ കഴിയൂ. അത്തരത്തിൽ ഈടാക്കുന്ന നികുതിയുടെ പകുതി വീതം കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കും. ഇതോടൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എക്സൈസ് നികുതി കൂടി ഉൾപ്പെടുത്തിയാലും പെട്രോൾ, ഡീസൽ വില ഏകദേശം 47- 50 രൂപയിൽ നിർത്താൻ കഴിയും. ഇത്തരത്തിലായാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 7- 8 രൂപ മാത്രമേ നികുതിയിനത്തിൽ ലഭിക്കുകയുള്ളൂ. ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന നികുതി തുക ഒരു ലിറ്ററിൽ ഉദ്ദേശം 30 രൂപയ്ക്ക് അടുത്താണ്. ഈ ഭീമമായ നികുതി വരുമാനം ഇല്ലാതായാൽ, മറ്റ് വരുമാന മാർഗ്ഗങ്ങൾ താരതമ്യേന കുറവുള്ള കേരളത്തിന്റെ വരുമാനം കുറയുമെന്നും, ധൂർത്ത് തുടരാനാകില്ലെന്ന തിരിച്ചറിവുമാണ്, ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്താൻ തയ്യാറാവാത്തതെന്നാണ് മനസ്സിലാക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ