വാറ്റു ചാരായവുമായി യുവാവ് പിടിയിൽ
പാമ്പാടി: എക്സൈസ് ഇൻസ്പെക്ടർ പി. കെ. സതീഷിന്റെ നേതൃത്വത്തിൽ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ, മണർകാട് പണിക്കമറ്റം ഭാഗത്തു നിന്നും ഒരു ലിറ്റർ വാറ്റുചാരായവുമായി യുവാവ് പിടിയിൽ. താഴത്തങ്ങാടി സ്വദേശി വളവുചിറക്കൽ വീട്ടിൽ സാജൻ ജേക്കബ് (37) ആണ് എക്സൈസിന്റെ പിടിയിലായത്. മാലം, വെള്ളൂർ ഭാഗം കേന്ദ്രീകരിച്ച് ചാരായ വിൽപന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പട്രോളിംഗിനിടയിലാണ്ടി യാൾ പിടിയിലായത്. സാജനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവൻറ്റീവ് ഓഫീസർ കെ. എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൽ. സുഭാഷ്, മനു ചെറിയാൻ, വിഷ്ണു ആർ. നായർ, വനിതാ ഓഫീസർ രജനി റ്റി. എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതാണെന്നും പൊതുജനങ്ങൾക്ക് പരാതി 9400069515 എന്ന നമ്പറിൽ അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ പി. കെ. സതീഷ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ