അനശ്വര നടൻ സത്യൻ്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതു വർഷം

അനശ്വര നടൻ സത്യൻ്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതു വർഷം


       അവസാന നിമിഷം വരെ വെള്ളിത്തിരയെ സ്നേഹിച്ച, അനശ്വര നടൻ, സത്യനേശൻ നാടാർ എന്ന സത്യൻ്റെ ഓർമ്മകൾക്ക് ഇന്ന് അമ്പത് വയസ്. 1971 ജൂൺ 15നാണ് സത്യൻ  കാലത്തിൻ്റെ അഭ്രപാളികൾക്കുള്ളിൽ മറഞ്ഞത്.
       ആദ്യ സിനിമയായ ത്യാഗ സീമ, വെളിച്ചം കണ്ടില്ല. റിലീസായ ആദ്യ ചിത്രം ആത്മസഖിയാണ്. 1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ശ്രീധരൻ നായർ എന്ന കഥാപാത്രമാണ്, സിനിമാലോകത്ത് സത്യന് കൃത്യമായ ഇടം നൽകിയത്. ചെമ്മീനിലെ പളനി, പകൽക്കിനാവിലെ പണക്കാരൻ, കടൽപ്പാലത്തിലെ പരസ്പരം പോരടിക്കുന്ന അച്ഛനും മകനുമായുള്ള ഇരട്ടവേഷങ്ങൾ, വാഴ് വേമായത്തിലെ സംശയ രോഗിയായ ഭർത്താവ്, മുടിയനായ പുത്രനിലെ രാജൻ, കരകാണാക്കടലിലെ ദാമോദരൻ മുതലാളി, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, അശ്വമേധത്തിലെ ഡോ. തോമസ്, യക്ഷിയിലെ പ്രൊഫ. ശ്രീനിവാസൻ
തുടങ്ങിയവ പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളാണ്. തച്ചോളി ഒതേനൻ, പാലാട്ടു കോമൻ, കാട്ടുതുളസി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി,  മൂലധനം, അടിമകൾ, ഒരു പെണ്ണിൻ്റെ കഥ, കായംകുളം കൊച്ചുണ്ണി, ത്രിവേണി, ശരശയ്യ, കരിനിഴൽ എന്നിവയാണ് ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ.
      1912 നവംബർ 11 ന് തിരുവനന്തപുരത്തെ ആറാമടയിലായിരുന്നു സത്യൻ്റെ ജനനം. ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് സത്യൻ്റെ വ്യക്തി ജീവിതം കടന്നു പോയത്. വിദ്വാൻ പരീക്ഷ പാസായതിന് ശേഷം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അച്ഛൻ അസുഖബാധിതനായപ്പോൾ, ലീവ് കിട്ടാതെ വന്നതോടെ, അദ്ധ്യാപകവൃത്തി രാജിവച്ചു. പിന്നീട് പട്ടാളത്തിൽ ചേർന്നു. ബാച്ചിലെ സമർത്ഥനായ വയർലെസ് ഒപ്പറേറ്ററായിരുന്നു. പക്ഷേ, കഠിനമായ പരിശീലനത്തിനൊടുവിൽ  ലഭിച്ച ജോലി, അമ്മയുടെ സങ്കടത്തെത്തുടർന്ന് ഉപേക്ഷിച്ചു. പിന്നീട് തിരുവിതാംകൂർ പോലീസിൽ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു. പുന്നപ്ര - വയലാർ സമരകാലത്ത് ആലപ്പുഴയിലായിരുന്നു ഡ്യൂട്ടി. അക്കാലത്തെ ചില പരിചയങ്ങളാണ് സിനിമയിലെത്തിക്കുന്നത്.
        സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തിയ 1969ൽ തന്നെ, കടൽപ്പാലം എന്ന ചിത്രത്തിലെ ഡബിൾ റോളിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.  കരകാണാക്കടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വീണ്ടും (മരണാനന്തരം) ബഹുമതി ലഭിച്ചു.
       39-ാമത്തെ വയസ്സിൽ സിനിമയിലെത്തി, 20 വർഷങ്ങൾ വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് അനശ്വര നടൻ കടന്നു പോയത്.

Post a Comment

വളരെ പുതിയ വളരെ പഴയ