ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതത്തിൽ വേണം: ഹൈക്കോടതി

 



കൊച്ചി∙ സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തിൽ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 80% മുസ്‍ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ൽ സർക്കാർ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.


വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ നിർദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യൻ തുടങ്ങിയ രീതിയിൽ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സർക്കാർ ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉയർത്തിയത്. പൊതുവായ പദ്ധതികളിൽ 80% വിഹിതം മുസ്‍ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.


Read: നിങ്ങളുടെ റേഷൻ എത്രയാണെന്ന് ഇനി മേരാ റേഷൻ ആപ്പ് വഴി അറിയാം ?


ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതും പരിഗണനയിൽ എടുത്താണ് കോടതി നടപടി.

Post a Comment

أحدث أقدم