മുംബൈ∙ കോവിഡ് വ്യാപനം നിമിത്തം പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽവച്ച് നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. ബിസിസിഐ പൊതുയോഗത്തിലാണ് ഐപിഎലിന്റെ ശേഷിക്കുന്ന ഭാഗം യുഎഇയിൽ നടത്താൻ തീരുമാനമായത്. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ, ബയോ സെക്യുർ ബബ്ളിനുള്ളിൽപ്പോലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെയാണ് ടൂർണമെന്റ് പാതിവഴിയിൽ നിർത്താൻ ബിസിസിഐ തീരുമാനിച്ചത്. ശേഷിക്കുന്ന മത്സരങ്ങൾ ഇത്തവണ യുഎഇയിൽ നടത്തിയേക്കുമെന്ന് അന്നുമുതൽ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
ഇക്കാര്യത്തിൽ യുഎഇ ക്രിക്കറ്റ് ബോർഡുമായി ബിസിസിഐ അനൗദ്യോഗിക ധാരണയിലെത്തിയതായും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ടൂർണമെന്റിന്റെ ശേഷിക്കുന്ന ഭാഗം യുഎഇയിലേക്ക് മാറ്റിയതായി ഔദ്യോഗികമായി അറിയിപ്പ് വന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായാണ് ടൂർണമെന്റ് പൂർത്തിയാക്കുക. ഐപിഎൽ 14–ാം സീസണിൽ ഇനി 31 മത്സരങ്ങളാണ് നടക്കാനുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽത്തന്നെ നടത്താനാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന്, ഐസിസിയോട് ജൂലൈ ആദ്യ വാരം വരെ സമയം നീട്ടിച്ചോദിക്കാനും ബിസിസിഐ യോഗത്തിൽ ധാരണയായി. അതേസമയം, ട്വന്റി20 ലോകകപ്പ് നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ജൂൺ ഒന്നിന് ഐസിസി യോഗം ചേരാനിരിക്കുകയാണ്. നിലവിൽ ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഇന്ത്യയിലാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
അതിനിടെ, ലോകകപ്പ് നടത്തിപ്പിന് കേന്ദ്രസർക്കാരിൽനിന്ന് നികുതിയിളവ് ലഭിക്കുമെന്ന കാര്യത്തിൽ ബിസിസിഐയ്ക്ക് ശുഭ പ്രതീക്ഷയുണ്ടെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി പൊതുയോഗത്തെ അറിയിച്ചു. അതേസമയം, ആഭ്യന്തര തലത്തിലെ താരങ്ങൾക്ക് ടൂർണമെന്റുകൾ മുടങ്ങിയ സാഹചര്യത്തിൽ പ്രതിഫലം നൽകുന്ന കാര്യം യോഗം ചർച്ച ചെയ്തില്ല. യോഗത്തിൽ ചില അസോസിയേഷൻ പ്രതിനിധികൾ ഈ വിഷയം എടുത്തിട്ടെങ്കിലും, അജൻഡയിലില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് സൗരവ് ഗാംഗുലിയും രാജീവ് ശുക്ലയും വിഷയം ചർച്ച ചെയ്യാൻ വിസമ്മതിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ