*✅ ലതിക സുഭാഷിന് പിന്തുണയുമായി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ്*
ഏറ്റുമാനൂർ: സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്ററുകളും ഒഐഒപി പുറത്തിറക്കി.
ഒഐഒപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എം. ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ആന്‍ഡ്രൂസ്, ബേബി മരുതനാടി എന്നിവര്‍ ഏറ്റുമാനൂര്‍ തെള്ളകത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. ‘അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം’, എന്ന ലതികാ സുഭാഷിന്റെ മുദ്രാവാക്യത്തോടൊപ്പമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഒഐഒപി രംഗത്തെത്തിയത്. അറുപത് വയസു കഴിഞ്ഞ എല്ലാ ഇന്ത്യക്കാര്‍ക്കും പെന്‍ഷന്‍ എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് ഒഐഒപി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലാണ് സംഘടന ആദ്യമായി അക്കൗണ്ട് തുറന്നത്.
ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒഐഒപി കന്നിയങ്കത്തിനിറങ്ങുമെന്നും സംഘടനയ്ക്ക് എംഎല്‍എമാര്‍ ഉണ്ടാകുമെന്നും ഫൗണ്ടര്‍ ബിബിന്‍ ചാക്കോ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതികയെ പിന്തുണയ്ക്കാന്‍ സംഘടന തീരുമാനിക്കുന്നത്. കേരളത്തില്‍ ഒഐഒപിയെ അധികാരത്തില്‍ എത്തിച്ചാല്‍ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 10,000 രൂപ പെന്‍ഷന്‍ പ്രഖ്യാപിക്കുമെന്നും അതിനു വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
താന്‍ പ്രവര്‍ത്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ പാര്‍ട്ടി വിട്ടത്. തല മുണ്ഡനം ചെയ്തു കൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. രണ്ട് പതിറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് താനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. താന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ലെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ സ്വതന്ത്രയായി മത്സരിക്കുമെന്നുമായിരുന്നു ലതിക സുഭാഷ് പാർട്ടി വിട്ടപ്പോൾ വ്യക്തമാക്കിയിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ