കൊച്ചി: കോവിഡിനെ തുടർന്ന് അടച്ച സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകൾ ഈ മാസം മുതൽ ഘട്ടം ഘട്ടമായി തുറന്നു പ്രവർത്തിക്കുന്നതിന് കേരളാ സാങ്കേതിക സർവകലാശാല അക്കാഡമിക് കൗണ്‍സിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന് സർക്കാർ അംഗീകാരം നൽകിയാൽ ഈ മാസം 28 മുതൽ സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജിൽ നേരിട്ടുള്ള ക്ലാസുകൾ ആംരഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും.
അക്കാഡമിക് കൗണ്‍സിൽ യോഗം ചേർന്നു തയാറാക്കിയ റിപ്പോർട്ട് സിൻഡിക്കറ്റിനും സർക്കാരിനും സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഓണ്‍ ലൈൻ ക്ലാസുകളിലേറെയും ഈ മാസം 18ഓടെ അവസാനിക്കും. അക്കാഡമിക് കൗണ്‍സിൽ തയ്യാറാക്കിയ പുതിയ ഷെഡ്യൂൾ പ്രകാരം ബി ടെക് എസ് ഏഴ് സെമസ്റ്റർ നേരിട്ടുള്ള ക്ലാസുകളും ലാബ് ക്ലാസുകളും ഈ മാസം 28 മുതൽ ആരംഭിക്കും.
2021 ജനുവരി ഒൻപതു വരെയാണ് ഈ ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്. വിവിധ സെമസ്റ്ററുകളിലെ പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ നടത്താനാണ് അക്കാഡമിക് കൗണ്‍സിൽ നല്കിയ ശുപാർശ.
കോർ സബ്ജക്ടിൽ വിദ്യാർഥികൾക്ക് ക്ലാസുകളിലെത്തി പഠിക്കാനുള്ള ക്രമീകരണം അത്യാവശ്യമാണെന്നും പ്രാക്ടിക്കൽ ഉൾപ്പെടെയുള്ളവ പൂർത്തീകരിക്കാനും കോളജുകൾ തുറന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കൗണ്‍സിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അടുത്ത ആഴ്ച തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ