വൈക്കം കൊടിയേറ്ററിയിപ്പ് കഴിഞ്ഞ് മടങ്ങിയ ആനയെ വനംവകുപ്പ് തടഞ്ഞു

 


വൈക്കം: വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന്, കൊടിയേറ്റ് അറിയിപ്പിന് പോയ ആനയെ, ഉദയനാപുരം ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ വനംവകുപ്പ് തടഞ്ഞു. നാട്ടാന പരിപാലന ചട്ടപ്രകാരം രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്ക് ആനയെ എഴുന്നള്ളിക്കുന്നത് വിലക്കി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തുടർന്ന് ആനയെ ക്ഷേത്രത്തിനു സമീപം തളച്ചു. കൊടിയേറ്റ് അറിയിപ്പിന് പോയ കിഴക്കേടത്ത് ശങ്കരൻ മൂസത് തിരികെ വാഹനത്തിൽ ക്ഷേത്രത്തിലേക്ക് മടങ്ങി. മഹാദേവ ക്ഷേത്രത്തിൽ നിന്ന് പന്തീരടി പൂജയ്ക്ക് ശേഷം രാവിലെ 9.30 കഴിഞ്ഞാണ് കൊടിയേറ്റ് അറിയിപ്പിനായി ശങ്കരൻ മൂസത് ഇറങ്ങിയത്. കിഴക്കേ ഗോപുരം വഴി ആദ്യം പെരുമ്പുള്ളിയാഴത്ത് മനയിലും തുടർന്ന് ഇണ്ടംതുരുത്തി ക്ഷേത്രത്തിലും കൊടിയേറ്റ് അറിയിച്ചു. പിന്നീട് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തി. ഇവിടെ കൊടിയേറ്റ് അറിയിച്ച് മടങ്ങും വഴിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. 

       സാധാരണയായി രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ഏഴരയോടെയാണ് കൊടിയേറ്റ് അറിയിപ്പായി പുറപ്പെടുന്നത്. എന്നാൽ, ഇത്തവണ 9.30 ന് ശേഷം പുറപ്പെട്ടതാണ് 11 മണിക്കുള്ളിൽ ആചാരം പൂർത്തിയാക്കാൻ കഴിയാതെ വന്നത്. കൊടിയേറ്റ് അറിയിപ്പിന് ആചാരലംഘനം ഉണ്ടായത് വൈക്കം ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആരോപിച്ചു. കൊടിയേറ്റ് അറിയിപ്പ് സമയബന്ധിതമായി നടത്താൻ കഴിയാത്ത ഇപ്പോഴത്തെ ദേവസ്വം ഉദ്യോഗസ്ഥരെ, അഷ്ടമി ഉത്സവച്ചുമതലയിൽ നിന്നും മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് എസ് അപ്പു അദ്ധ്യക്ഷത വഹിച്ച യോഗം, ജില്ലാ സെക്രട്ടറി കെ ഡി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വിക്രമൻ നായർ, വർക്കിങ് പ്രസിഡൻറ് സി എസ് നാരായണൻകുട്ടി, ടൗൺ ജനറൽ സെക്രട്ടറി എ എച്ച് സനീഷ്, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ