കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയവര്‍ പോലീസിനെ കുറ്റംപറയുന്നു; കോടിയേരി.
തിരു.: ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരാണ് പോലീസിനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സമൂഹത്തിലാകെ ഭീതി പരത്തുന്ന സംഭവമാണ് ആലപ്പുഴയിലെ കൊലപാതകങ്ങള്‍. കേരളത്തിന്റെ സാമുദായിക മൈത്രി തകര്‍ക്കുന്ന തരത്തിലേക്ക് എത്തിക്കാനാണ് രണ്ട് വര്‍ഗീയ ശക്തികളും ശ്രമിക്കുന്നത്. ആസൂത്രിതമായ നീക്കങ്ങളാണ് എസ്ഡിപിഐയും ആര്‍എസ്എസും നടത്തുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഓരോ പ്രദേശത്തും ഇങ്ങനെ സംഘര്‍ഷം സൃഷ്ടിക്കാനാണ് വിവിധ രീതിയില്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഉയര്‍ന്ന നിലയില്‍ ചിന്തിക്കേണ്ടതുണ്ട്. കേരളത്തെ കലാപഭൂമി ആക്കരുതെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് ലോക്കല്‍ കമ്മിറ്റി തലത്തില്‍ ബഹുജന കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. വര്‍ഗീയ വികാരം ഇളക്കി വിടുന്ന ഒരു പ്രചാരണത്തിന് കഴിഞ്ഞ കുറച്ചു നാളായി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. ആര്‍എസ്എസ് അതിന് മുന്‍കൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ബിജെപിക്ക് ഒരു തിരിച്ചു വരവിനുള്ള ശ്രമത്തിനാണ് വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന് സഹായകരമായ നിലപാടാണ് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും എടുക്കുന്നത്. കേരളത്തിലെ സമാധാന ജീവിതം നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഎമ്മിന് ആവശ്യപ്പെടാനുള്ളത്. ആലപ്പുഴയിലെ കൊലപാതകങ്ങളിലെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പുറത്തു കൊണ്ടു വരണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും കോടിയേരി പറഞ്ഞു.
പോലീസ് ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചിട്ടില്ല. രാഷ്ട്രീയമായി ആസൂത്രണം ചെയ്ത ഒരു കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്. കൊല നടത്തിയവര്‍ തന്നെയാണ് പോലീസിനെ കുറ്റംപറയുന്നത്. തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് അറിയുന്ന സമൂഹത്തോടാണ് എസ്ഡിപിഐയും ആര്‍എസ്എസും ഇങ്ങനെ പോലീസിനെ കുറ്റം പറയുന്നത്. സിപിഎമ്മിനകത്തേക്ക് എസ്ഡിപിഐക്കാര്‍ നുഴഞ്ഞു കയറിയെന്ന ബിജെപിയുടെ ആരോപണം വെറും ആരോപണം മാത്രമാണ്. സിപിഎമ്മിനകത്തേക്ക് അങ്ങനെ ആര്‍ക്കും നുഴഞ്ഞു കയറാന്‍ സാധിക്കില്ല. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ പുറത്താക്കും. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ബോധപൂര്‍വ്വമായിട്ടാണ് മുസ്ലിം നാമധാരികളായ സിപിഎം നേതാക്കളെ എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ