ഭാരത സൈന്യത്തിൻ്റെ ചരിത്ര വിജയത്തിന് ഇന്ന് അര നൂറ്റാണ്ട്.
ന്യൂഡല്‍ഹി: ഭാരത സൈന്യത്തിന്റെ കരുത്തുറ്റ പാക് യുദ്ധ വിജയത്തിന് ഇന്ന് അര നൂറ്റാണ്ട്. അന്തരിച്ച പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ വിമര്‍ശകരെ പോലും ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ച ഐതിഹാസിക പോരാട്ടമായിരുന്നു 1971ലേത്. ഇന്നേക്ക് അമ്പതാണ്ട് മുമ്പ് 1971 ഡിസംബര്‍ 16നാണ് ഭാരത സൈന്യത്തിന്റെ കരുത്തിനും മനോബലത്തിലും മുന്നില്‍ പാകിസ്ഥാന്‍ സേന പരാജയപ്പെട്ട് പിന്തിരിഞ്ഞോടിയത്.
1971 ഡിസംബര്‍ മൂന്നിന് തുടങ്ങി 16 വരെ നീണ്ടു നിന്ന ഈ യുദ്ധം ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവിക്ക് കൂടി വഴിയൊരുക്കിയെന്നത് ചരിത്രത്തിലെ മറ്റൊരു സവിശേഷത. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ നേടുന്ന ആദ്യ യുദ്ധ വിജയം കൂടിയായിരുന്നു പാകിസ്ഥാനെതിരായ പോരാട്ടം. ഭാരതത്തെ പ്രബല സൈനിക ശക്തിയായി അംഗീകരിക്കാന്‍ ലോക രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നതിന് കൂടി ഈ യുദ്ധം വഴിയൊരുക്കി. കര-വ്യോമ- നാവിക സേനകളെ ഒരു പോലെ യുദ്ധരംഗത്തിറക്കി, ഭാരതം അവയുടെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്തെന്ന പ്രത്യേകത കൂടി ഈ യുദ്ധത്തിനുണ്ട്. വില കുറഞ്ഞ വിമാനങ്ങള്‍ കൊണ്ട് പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക വിമാനങ്ങളെ നമ്മുടെ സേന തകര്‍ത്തെറിഞ്ഞത് ലോക യുദ്ധ ചരിത്രത്തിലെ കൗതുകമായി മാറി. ഈ ദിവസം നാം‘വിജയ് ദിവസ്’ ആയാണ് ആഘോഷിച്ചു വരുന്നത്.
പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജീവത്യാഗം വരിച്ച സൈനികരെ ഓര്‍ക്കാന്‍ വേണ്ടി കൂടിയായാണ് ഡിസംബര്‍ 16 ‘വിജയ് ദിവസമായി ' ആചരിക്കുന്നത്. ഇന്ത്യക്കൊപ്പം ബംഗ്ലാദേശും ഈ ദിവസം ‘വിജയ് ദിവസ് ' ആയി ആഘോഷിക്കുന്നുണ്ട്.
ഇന്ത്യ – പാക് വിഭജനത്തിന് ശേഷം കിഴക്കന്‍ മേഖലയില്‍ പാക് ഭരണകൂടത്തിനെതിരെ ശക്തമായ ജനവികാരം പ്രക്ഷോഭത്തിലേക്ക് നീങ്ങിയതാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിച്ചത്.
1971 മാര്‍ച്ചില്‍ പാക് സര്‍ക്കാരിനെതിരെ കിഴക്കന്‍ പാകിസ്ഥാനില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ അടിച്ചമര്‍ത്താന്‍ പാക് സര്‍ക്കാര്‍ നടത്തിയ ക്രൂരമായ നടപടപടികളാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായത്. പ്രതിഷേധക്കാര്‍ക്കെതിരായ പാക് സൈന്യത്തിന്റെ ക്രൂരത അവസാനിപ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാന്‍ തങ്ങളുടെ അതിക്രമം തുടരുകയായിരുന്നു.
ഇതോടെയാണ് കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങിയത്. 1971 ഡിസംബര്‍ മൂന്നിന് നമ്മുടെ പതിനൊന്ന് എയര്‍ബേസുകള്‍ പാകിസ്ഥാന്‍ ആക്രമിച്ചതോടെ നാം തുറന്ന പോരിനിറങ്ങി. കര-നാവിക-വ്യോമ സേനകള്‍ സംയുക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്തിരിയാന്‍ നിര്‍ബന്ധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നു കൂടി സമ്മര്‍ദ്ദമുയര്‍ന്നതോടെ പാകിസ്ഥാന് യുദ്ധം അവസാനിപ്പിക്കലല്ലാതെ മറ്റു നിര്‍വാഹമില്ലെന്നായി. 1971 ഡിസംബര്‍ 16ന് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസിയും 93,000 സൈനികരും ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 1971 ഡിസംബര്‍ മൂന്ന് മുതല്‍ 16ന് ധാക്ക കീഴടങ്ങുന്നതു വരെയാണ് യുദ്ധം നീണ്ടു നിന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന യുദ്ധത്തില്‍ പടിഞ്ഞാറന്‍ പാകിസ്ഥാനിലെ 15,010 കിലോമീറ്റര്‍ പ്രദേശം നാം പിടിച്ചെടുത്തു. യുദ്ധം അവസാനിച്ചതിന് പിന്നാലെ ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വരികയും ചെയ്തു. 1971ലെ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധത്തിനിടെ 90 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ ബംഗ്ലാദേശിലെ 30 ലക്ഷം സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
إرسال تعليق