കാശിധാം ഇടനാഴി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
ന്യൂഡൽഹി: വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാജ്യത്തിനു തുറന്നു കൊടുക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശത്തിനു ശേഷം കാശിധാം ഇടനാഴിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവ ക്ഷേത്രം സന്ദർശിച്ച ശേഷമാകും ഇടനാഴി ഉദ്ഘാടനത്തിനെത്തുക. വൈകിട്ട് ആറ് മണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കു ചേരും. ചൊവ്വാഴ്ച വൈകിട്ട് 3.30-ന് വാരാണസി സ്വർവേദ് മഹാമന്ദിർ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്കു മടങ്ങും.
കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമ്മാണത്തിന് 339 കോടി രൂപയാണ് ചെലവായത്. ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ട ഇടനാഴിയുടെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. പ്രശസ്ത ആർക്കിടെക്റ്റ് ഭിമൽ പട്ടേലാണ് ഇടനാഴി രൂപകല്പന ചെയ്തത്. കേന്ദ്ര സർക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്. ഇടുങ്ങിയ വഴിയിലൂടെ ക്ഷേത്രത്തിലേക്കുള്ള യാത്ര തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്ന് കണ്ടെത്തി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തെത്തുടർന്നാണ് ഇടനാഴി പദ്ധതിക്കു രൂപം നൽകിയത്. ഭിന്നശേഷിക്കാർക്കും സുഗമമായി ഉപയോഗിക്കാൻ കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിർദ്ദേശം. ഈ നിർദ്ദേശങ്ങളെല്ലാം സമന്വയിക്കുന്നതാണ് ഇടനാഴി. പദ്ധതിക്കായി ക്ഷേത്രത്തിനു സമീപത്തെ മുന്നൂറോളം പേരിൽ നിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. ചെറുകടകളടക്കം 1,400 വ്യാപാര സ്ഥാപനങ്ങൾ മാറ്റി സ്ഥാപിച്ചു.
إرسال تعليق