ഹരി നമ്പോത അഭിനയിച്ച "ബൈനോക്കുലർ " മികച്ച അംഗീകാരങ്ങളുമായി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങുന്നു.
ഇരുപതോളം രാജ്യങ്ങളിലെ മുപ്പതോളം ഫിലിം ഫെസ്റ്റിവലുകളിൽ ഒഫീഷ്യൽ സെലക്ഷൻ നേടി ബൈനോക്കുലർ.
യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ച സന്ദേശവുമായി എത്തുകയാണ് ബൈനോക്കുലർ എന്ന കൊച്ചു ചിത്രം. "ഐസക് നൂട്ടൻ സൺ ഓഫ് ഫീലിപ്പോസ്" എന്ന ചിത്രത്തിൻ്റെ രചയിതാവ് കൃഷ്ണനുണ്ണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ, "സൺഡേ ഹോളിഡേ" എന്ന ചലച്ചിത്രത്തിലെ "വിഷ്ണു" എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹരി നമ്പോത, സലിംകുമാർ, അഷർഷ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മുരുകൻ കാട്ടാക്കട - ഇഷാൻ ദേവ് ടീമിൻ്റെ മികച്ച ഗാനം ബൈനോക്കുലറിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഇംഗ്ലീഷ്, അറബി, സ്പാനിഷ് ഭാഷകളിലാണ് ബൈനോക്കുലർ സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്. യാസ് എൻ്റർടൈമെൻ്റിനു വേണ്ടി മുഹമ്മദ് അഷർഷാ, ശ്രീജിത്ത് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നമ്മുടെ എല്ലാവരുടെയും യാത്രാവേളകളിൽ "കണ്ണൻ" എന്ന ഒരു കഥാപാത്രത്തെ കാണാറുണ്ട്, ആ നിമിഷം അകലെ ഉള്ള ഒരു കാഴ്ച മാത്രമാണ് നമുക്കത്, ആ കാഴ്ചകളെ അകലെ നിന്ന് കാണാതെ, "ബൈനോക്കുലറിലൂടെ" ഹൃദയത്തോട് അടുപ്പിച്ച് കാണിക്കാൻ ശ്രമിക്കുകയാണ് ചിത്രത്തിൻ്റെ സംവിധായകൻ.
തടിമിൽ തൊഴിലാളിയാണ് കണാരൻ. മകന് ജന്മം നൽകി ഭാര്യ മരിച്ചു. ആ മകനാണ് കണ്ണൻ. മകനെ ഒരു ഉദ്യാഗസ്ഥനാക്കി അവന്റെ കുഞ്ഞുങ്ങളെ കൊഞ്ചിച്ചും ലാളിച്ചും അല്പകാലം ജീവിക്കണമെന്നാഗ്രഹിച്ച അപ്പന്റെ സ്വപ്നങ്ങളെ അഗ്നിക്കിരയാക്കി ലഹരിക്ക് അടിമയായ കണ്ണൻ്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ബൈനോക്കുലർ.
സൺഡേ ഹോളിഡേ, എബി, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷം അവതരിപ്പിച്ച ഹരി നമ്പോതയാണ് കണ്ണൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സലിം കുമാർ കണാരനേയും അവതരിപ്പിക്കുന്നു. നിർമ്മാതാവിൽ ഒരാളായ അഷർഷാ, ഗുരുജി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂൺ വൈറ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ "ബെസ്റ്റ് ഫിലിം വിന്നർ ", ടെൻത് ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ "ഹോണറബിൾ ജുറി മെൻഷൻ", ഐ മാക് ഫിലിം ഫെസ്റ്റിവലിൽ "മികച്ച സാമൂഹ്യ പ്രസക്ത ചിത്രം" എന്നീ അവാർഡുകൾ ഇതിനോടകം കരസ്ഥമാക്കിയ ബൈനോക്കുലർ, INSIDE HOLLYWOOD FILM FEST (NIGERIA), FREE SPIRIT FILM FESTIVAL (TIBETIAN), NEAR NAZARETH FESTIVAL (ISRAEL), FESTIVAL INTERNATIONAL CINECANNABICO DEL RIO DE LA PLATA (ARGENTINA), GANDHARA INDEPENDENT FILM FESTIVAL 2021 (PAKISTAN), FESTIVAL SOLIDARIO DE LA PALMA TODOS CON LA PALMA (SPAIN), ANGULAR FILM FESTIVAL 2021 (SPAIN), STANDALONE FILM FESTIVAL & AWARDS CALIFORNIA (UNITED STATES) തുടങ്ങി ഇരുപതോളം രാജ്യങ്ങളിലെ ഫിലിം ഫെസ്റ്റിവലുകളിൽ, ഒഫീഷ്യൽ സെലക്ഷൻ നേടി റിസൾട്ടുകൾക്കായി കാത്തിരിക്കുകയാണ്.
യാസ് എൻ്റർടൈമെൻ്റിനു വേണ്ടി മുഹമ്മദ് അഷർഷാ, ശ്രീജിത്ത് രാധാകൃഷ്ണൻ എന്നിവർ നിർമ്മിക്കുന്ന ബൈനോക്കുലറിൻ്റെ മറ്റ് അണിയറ പ്രവർത്തകർ ക്യാമറ - പ്രജിത്ത്, എഡിറ്റർ - കെ. ശ്രീനിവാസ്, ഗാനരചന - മുരുകൻ കാട്ടാക്കട, സംഗീതം - വിജയ് ശ്രീധർ, ആലാപനം - ഇഷാൻ ദേവ്, മുരുകൻ കാട്ടാക്കട, കല - അനിൽ, മേക്കപ്പ് - ലാൽ കരമന, പി.ആർ.ഒ. - അയ്മനം സാജൻ എന്നിവരാണ്. ബൈജു, അനന്തു ഉല്ലാസ്, ധീന സുനിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം ഉടൻ ഒ.ടി.ടി.യിൽ റിലീസ് ചെയ്യും.
إرسال تعليق