പോലീസ് അന്വേഷണം ശരിവെച്ച് സിബിഐ; വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം.
പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസില്‍ നാല് പ്രതികളാണുള്ളത്.
ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാല്‍ പോലീസ് കണ്ടെത്തിയ പ്രതികള്‍ തന്നെയാണെങ്കിലും സാക്ഷികള്‍ കൂടുതലുണ്ട്. രണ്ട് പെണ്‍കുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക- ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗിക പീഡനം പെണ്‍കുട്ടികള്‍ നിരന്തരം നേരിട്ടിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ എന്നുമാണ് സിബിഐ പറയുന്നത്. കേസിനെ ബലപ്പെടുത്തുന്ന രീതിയില്‍ സാക്ഷി മൊഴികളും കൂടുതലുണ്ട്.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ്, ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കേസില്‍ ഇതേ ആരോപണങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ മരണത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് പോലീസ് പോയിരുന്നില്ല. അതാണിപ്പോള്‍ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം കൂടുതല്‍ സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്. നേരത്തെ എല്ലാ പ്രതികളേയും പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ