പ്രശസ്ത സംവിധായകൻ കെ. എസ്. സേതുമാധവന്‍ അന്തരിച്ചു.

പ്രശസ്ത സംവിധായകൻ കെ. എസ്. സേതുമാധവന്‍ അന്തരിച്ചു.


ചെന്നൈ: പ്രശസ്ത സംവിധായകൻ കെ. എസ്. സേതുമാധവന്‍ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചെന്നൈയിലായിരുന്നു അന്ത്യം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ. എസ്. സേതുമാധവൻ.     

      1951ൽ പുറത്തിറങ്ങിയ, സേലം തിയറ്റേഴ്‌സിന്റെ മമയോഗി എന്ന ചിത്രത്തിൽ രാമനാഥന്റെ സഹായിയായാണു സേതുമാധവന്റെ സിനിമാ ജീവിതത്തിനു തുടക്കം. സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ൽ സ്വതന്ത്ര സംവിധായകനായി. അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ടി. ഇ. വാസുദേവൻ 1961ൽ നിർമ്മിച്ച ജ്‌ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം. 

       തെന്നിന്ത്യൻ ചലച്ചിത്ര ഇതിഹാസമായ കമലഹാസനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് സേതുമാധവന്റെ ‘കണ്ണൂം കരളിലൂടെയുമാണ് '. ചിത്രത്തിൽ സത്യന്റെ മകനായ ബാലതാരമായി ആയിരുന്നു കമൽ രംഗത്തെത്തിയത്. ബാലതാരമായി കമലിനെ മലയാളത്തിലെത്തിച്ചതിനു പുറമേ യുവാവായ കമലിനെ മലയാളത്തിലേക്ക് കൊണ്ടു വന്നതും സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ. കന്യാകുമാരിയിൽ രംഗത്തെത്തിയ മറ്റൊരു പുതുമുഖമായിരുന്നു നടൻ ജഗതി ശ്രീകുമാർ.

      പുസ്‌തകങ്ങളെ കൂട്ടുകാരാക്കിയ സേതുമാധവന്റെ സിനിമകൾ ഏറെയും പിറന്നതു സാഹിത്യരചനകളിൽ നിന്നായിരുന്നു. മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകൾ അദ്ദേഹം വെള്ളിത്തിരയിൽ കൊണ്ടു വന്നു. ആറു ഭാഷകളിലായി 65 സിനിമകൾ. മലയാള സിനിമാ സങ്കൽപങ്ങൾക്ക് ഒട്ടേറെ മാറ്റങ്ങളും വഴിത്തിരിവുകളും നൽകിയ സിനിമകൾ ഇന്നും പഴയ മനസുകളിൽ ഹിറ്റാണ്. പുതു തലമുറയ്‌ക്ക് അവയെല്ലാം അറിവിന്റെ വിജ്‌ഞാന കേന്ദ്രങ്ങളുമാണ്.

      നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ൽ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചു. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി ഒന്നിലധികം പ്രാവശ്യമിരുന്നിട്ടുണ്ട്.

     1931ല്‍ പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍.

Post a Comment

വളരെ പുതിയ വളരെ പഴയ