നാഷണൽ ഹൈവേ അധികൃതരെ വെള്ളപൂശുന്ന നടപടി അവസാനിപ്പിക്കണം; ബെന്നി പെരുവന്താനം.

നാഷണൽ ഹൈവേ അധികൃതരെ വെള്ളപൂശുന്ന നടപടി അവസാനിപ്പിക്കണം; ബെന്നി പെരുവന്താനം.
ഇടുക്കി: രണ്ടു അയ്യപ്പഭക്തരുടെ മരണത്തിന് ഇടയാക്കിയ പെരുവന്താനം വാഹനാപകടത്തിൽ, വാട്ടർ അതോറിറ്റിയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് നാഷണൽ ഹൈവേ അതോറിറ്റിയെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിക്ഷേധാർഹമാണെന്ന് ഇടുക്കി ഡി സി സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ആരോപിച്ചു. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിലെ അപകടങ്ങൾ പരിശോധിച്ചാൽ നാഷണൽ ഹൈവേ അധികാരികളുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വ മില്ലായ്മയും വ്യക്തമാകുന്നതാണ്. മണ്ണിടിച്ചിലുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗത തടസം ഉണ്ടാക്കുന്ന കല്ലുകളും മണ്ണും നാളിതു വരെ നീക്കിയിട്ടില്ല. മുൻപ് വെള്ളം ഒഴുകി പൊയ്ക്കൊണ്ടിരുന്ന ഓടകൾ കോൺക്രീറ്റ് ചെയ്തു നികത്തിയും പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന കലുങ്കുകൾ മൂടുകയും ചെയ്തതല്ലാതെ കാല വർഷക്കാലത്തെ വെള്ളം ഒഴുകി പോകുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. പ്രദേശത്തെ നിരവധി മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനുമിടയാക്കിയത് റോഡ് നിർമ്മാണത്തിലെ അപാകതയാണ്. ഇവയൊന്നും കണ്ടില്ലായെന്ന് നടിച്ചു കൊണ്ടാണ് പെരുവന്താനം പോലീസ് വാട്ടർ അതോറിറ്റിക്കാർക്ക് മാത്രമായി നോട്ടീസ് നൽകിയിരിക്കുന്നത്. കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതു വഴി ഉണ്ടാകുന്നതിനേക്കാൾ വലിയ അപകടമാണ് സിഗ്നൽ ബോർഡുകൾ ഇല്ലാത്തതിനാലും, വളവുകളിലെ കാടുകൾ വെട്ടി മാറ്റാത്തതിനാലും ഉണ്ടായിരിക്കുന്നത്. സ്ഥിരമായി വാഹനവുമായി വരുന്നവരല്ലാത്ത ഡ്രൈവർമാർക്ക് റോഡിന്റെ ഇരുവശവും കാണുവാൻ കഴിയുന്നില്ല. യാത്രക്കാരേ പരിക്കേൽപ്പിക്കുവാൻ കഴിയുന്ന തരത്തിലാണ് മുള്ളും കാടും മരങ്ങളും റോഡിലേക്ക് പടർന്നു വളരുന്നത്. ഇവയെല്ലാം കണ്ടിട്ടും കണ്ടില്ലായെന്ന് നടിക്കുന്ന നാഷണൽ ഹൈവേ അധികാരികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസ്സെടുക്കണം. നാട്ടുകാരുടെ കുടിവെളളം വിതരണം ചെയ്യുന്നതിനായി ജോലി ചെയ്ത ജീവനക്കാർ അതു ചെയ്തില്ലായെങ്കിൽ കുറെ ആളുകളുടെ ജീവിതത്ത ബാധിക്കുമായിരുന്നു. നാഷണൽ ഹൈവേ അധികാരികൾക്കെതിരേ കേസ്സെടുത്ത് അന്വേക്ഷണം നടത്തുകയാണ് പോലിസ് ചെയ്യേണ്ടതെന്നും ബെന്നി പെരുവന്താനം ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ