മകന്‍ ട്രാക്കിലൂടെ പോകുന്നത് കണ്ട് ഓടിച്ചെന്ന അച്ഛനും മകനും ട്രെയിന്‍തട്ടി മരിച്ചു.
അരൂർ: ഓർമ്മക്കുറവുള്ള മകനെ റെയിൽവേ ട്രാക്കിൽ നിന്ന് രക്ഷിക്കാനുള്ള അച്ഛന്റെ ശ്രമം വിഫലമായി. ഇരുവരും തീവണ്ടിതട്ടി മരിച്ചു. ചന്തിരൂർ വെളുത്തുള്ളി പുളിത്തറ പുരുഷൻ (57), മകൻ നിഥിൻ (28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. തീരദേശ റെയിൽപ്പാതയിൽ ചന്തിരൂർ വെളുത്തുള്ളി റെയിൽവേ ക്രോസിന് സമീപം ഇന്നലെയാണ് സംഭവം.
മത്സ്യത്തൊഴിലാളിയാണ് പുരുഷൻ. വെൽഡിങ് തൊഴിലാളിയായിരുന്നു നിഥിൻ. മൂന്നു വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിഥിൻ ഏറെനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇവരുടെ വീട് റെയിൽപ്പാളത്തിന് തൊട്ടരികിലാണ്. വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിഥിന് ഓർമ്മക്കുറവുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തീവണ്ടി വരുന്ന സമയത്ത് മകൻ റെയിൽപ്പാളത്തിലൂടെ നടക്കുന്നതു കണ്ട് പുരുഷൻ ഓടി ചെല്ലുകയായിരുന്നു അച്ഛൻ. മകനെ തള്ളി മാറ്റാൻ ശ്രമിക്കുമ്പോഴേക്കും തീവണ്ടി ഇരുവരെയും തട്ടിത്തെറിപ്പിച്ചു.
അരൂർ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തയാണ് പുരുഷന്റെ ഭാര്യ. മറ്റൊരു മകൻ: നിഷാദ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ