കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ല, കേരളത്തിന്റെ ആവശ്യം തള്ളി.
ന്യൂഡൽഹി: കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആർ.ബി.ഐ. തള്ളി. ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് പിൻവലിക്കാൻ കഴിയില്ലെന്ന് ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രാഥമിക സഹകരണ ബാങ്കുകൾ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആർബിഐയുടെ ഉത്തരവിലുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ. നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ, ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.
നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരേ കേരളം നേരത്തേ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും കേരളം ആരോപിച്ചിരുന്നു.
إرسال تعليق