കോട്ടയത്ത് ഗുണ്ടാവിളയാട്ടം രൂക്ഷമെന്ന് പരാതി.

കോട്ടയത്ത് ഗുണ്ടാവിളയാട്ടം രൂക്ഷമെന്ന് പരാതി
കോട്ടയം: ഗുണ്ടകള്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് കണക്കു ചോദിക്കാനെത്തുന്ന സംഭവങ്ങള്‍ കൂടിവരുന്നു. ജയിലിലുള്ള ഗുണ്ടാനേതാവിനെ ഇറക്കാന്‍ പണം സമാഹരിക്കാന്‍ അനുയായികള്‍ തട്ടിപ്പിനിറങ്ങുന്ന കാഴ്ചയും കാണാനായി. തിരക്ക് കുറഞ്ഞ വഴികളില്‍ കാത്തു നിന്ന് യാത്രക്കാരെ ആക്രമിക്കുന്ന പല സംഭവങ്ങളും കണ്ടു. സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ. നായരെ കല്ലറ റോഡില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത് സമീപ കാലത്താണ്.
       ചൊവ്വാഴ്ച രാത്രി കോട്ടയം നഗരത്തിലെ അറുത്തൂട്ടിയില്‍ ഭക്ഷണവിതരണ ജീവനക്കാരനെ ബൈക്കില്‍ ഇന്‍ഡിക്കേറ്ററിടാതെ തിരിഞ്ഞെന്നാരോപിച്ച് രണ്ടംഗസംഘം ബൈക്കില്‍ നിന്ന് വഴിയില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു. കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ബൈക്ക് തിരിഞ്ഞപ്പോള്‍ സ്‌കൂട്ടറില്‍ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. 
     ജില്ലയിലെ സമീപകാലത്തെ വിവിധ സംഭവങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. മണര്‍കാട് കവലയിലെ ബാറിനു സമീപം മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം ചികിത്സ വൈകിയെന്ന് ആരോപിച്ച് മണര്‍കാട്ടെ സ്വകാര്യ ആശുപത്രി ഡോക്ടറെ കൈയ്യേറ്റം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ബൈക്കപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ യുവാവിനെ കുത്തി വീഴ്ത്തിയതും, കാര്‍ യാത്രക്കാരികളായ രണ്ട് സ്ത്രീകളെ അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതും ആഴ്ചകള്‍ക്കു മുമ്പാണ്. വിജയപുരം സഹകരണ ബാങ്കിന് സമീപം ബൈക്ക് ഹാന്‍ഡില്‍ കൈയ്യില്‍ തട്ടിയെന്ന് ആരോപിച്ച് കഞ്ചാവുസംഘം യാത്രക്കാരനെ വളഞ്ഞിട്ട് ആക്രമിച്ചു. ഐരാറ്റുനട നിരമറ്റംകുന്നില്‍ ഗുണ്ടകള്‍ ഏറ്റുമുട്ടുന്നതും പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. സഹകരണ ബാങ്ക് റോഡില്‍ ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ കഞ്ചാവുകച്ചവടവും വ്യാപകമാണ്.
      നവംബര്‍ 24-ന് ബൈക്കിലെത്തിയ യുവാക്കള്‍ കറുകച്ചാൽ പത്തനാട്ടെ വ്യാപാരിയുമായി തകര്‍ക്കമുണ്ടായി. തുടര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടിരുന്നു. കടകളിലെത്തി വ്യാപാരികളോട് പണം ചോദിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പ്രദേശത്ത് പതിവാണെന്ന് പരാതിയുണ്ട്. തിങ്കളാഴ്ച കങ്ങഴ മുണ്ടത്താനം-ഇടയിരിക്കപ്പുഴ റോഡില്‍ ബൈക്കിലെത്തിയ സംഘം വ്യാപാരിയുടെ ഓട്ടോറിക്ഷ തടഞ്ഞ് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്തിരുന്നു.
       കടുത്തുരുത്തിയിൽ പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം ചോദിക്കാനെത്തിയ ആണ്‍ സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തിയ സംഭവം നടന്നത് നവംബര്‍ ഏഴിന് കടുത്തുരുത്തി മങ്ങാടാണ്. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ സി.പി.എം. നേതാവ് അലരി പരിഷത്ത് ഭവനില്‍ കെ.എന്‍. അശോകന്‍ (54) രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
       മണിമലയിൽ കഴിഞ്ഞ ദിവസം യുവതിക്കു വേണ്ടി പ്രതികാരം ചോദിക്കാനെത്തിയ സംഘം കോത്തലപ്പടിയില്‍ ഗുണ്ടാവിളയാട്ടം നടത്തിയിരുന്നു. ഇതില്‍ ഒന്നാം പ്രതിയെ കിട്ടാനുണ്ട്. നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കോഴി വ്യാപാരിയെ തടഞ്ഞ് പണം തട്ടിയ സംഭവം മൂലേപ്ലാക്കലായിരുന്നു. ഇതിലെ പ്രതികളെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് പിടിച്ചത്. പകല്‍ ജനസാന്നിധ്യം കുറവായ വഴികളില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന സ്ഥിതിയാണ്.
     കാഞ്ഞിരപ്പള്ളി, പാറത്തോട് പഴുകുമലയില്‍ രാത്രി വീടുകയറി ദമ്പതിമാരെ ആക്രമിച്ചിരുന്നു. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായിട്ടില്ല. ഡിസംബര്‍ ഏഴിന് ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ ആക്രമിച്ച കേസിലും പ്രതികള്‍ ഒളിവിലാണ്.
       യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ വീട്ടില്‍ക്കയറി ആക്രമിച്ചത് ചങ്ങനാശ്ശേരിയിലാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി തൃക്കൊടിത്താനം സ്വദേശി മനുകുമാറിനെ വീട്ടില്‍ക്കയറി ആക്രമിച്ചതായാണ് പരാതി. സംഭവത്തില്‍ നാലാം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ ബൈജു വിജയന്റെ പേരില്‍ തൃക്കൊടിത്താനം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി ആക്രമിച്ചുവെന്നാണ് പരാതി. മനു ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകര്‍ താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
 

Post a Comment

أحدث أقدم