കോട്ടയം-പരിപ്പ് റൂട്ടിൽ യാത്രാക്ലേശം രൂക്ഷം.

കോട്ടയം-പരിപ്പ് റൂട്ടിൽ യാത്രാക്ലേശം രൂക്ഷം. 
പരിപ്പ് : ബസുകൾ ട്രിപ്പ്‌ മുടക്കുന്നതു മൂലം പരിപ്പ് റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം. രാവിലെ 5.30ന് പരിപ്പിൽ നിന്ന് തുടങ്ങി, രാത്രി 9.30 ന് കോട്ടയത്തു നിന്നുള്ള അവസാന ട്രിപ്പോടെ നടന്നിരുന്ന സർവീസ് ഇപ്പോൾ രാവിലെ 6.45ന്  പരിപ്പിൽ നിന്ന് തുടങ്ങി രാത്രി 7.40 ന് കോട്ടയത്തു നിന്നുള്ള സർവീസോടെ അവസാനിപ്പിക്കുന്നു. ഇതുമൂലം യാത്രക്കാർ, പ്രത്യേകിച്ച് ദീർഘ ദൂര യാത്രക്കാർ വളരെയധികം ക്ലേശിക്കുന്നു. ഇതിനെതിരെ നൂറിലേറെ ആളുകൾ ഒപ്പിട്ട ഒരു നിവേദനം കോട്ടയം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കു നൽകി. ഞായറാഴ്ചകളിൽ ഒരു ബസ് പോലും സർവീസ് നടത്താത്തതിലുള്ള പ്രതിഷേധവും നിവേദനത്തിൽ പറഞ്ഞിരുന്നു. ബസ് ഉടമകളുടെ അസോസിയേഷന് കർശന നിർദ്ദേശം നൽകുവാനുള്ള ഉത്തരവ് അദ്ദേഹം  നൽകിയതായും നാട്ടുകാർ പറഞ്ഞു. അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 
    പരിപ്പിലേക്കുള്ള പാലം പൊളിച്ചു പണിയുന്നതിനാൽ, ബസുകൾ ഇപ്പോൾ ഒളശ്ശ വരെയേ സർവീസ് നടത്തുന്നുള്ളൂ. പല ബസുകളും നിശ്ചിത സമയത്തിന് മുമ്പേ പുറപ്പെടുന്നതിനാൽ, പരിപ്പിൽ നിന്നും കാൽനടയായി എത്തുന്ന കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് യഥാസമയം ജോലിസ്ഥലത്തും സ്ക്കൂളിലും മറ്റുമെത്താൻ കഴിയുന്നില്ല. കൂടാതെ നല്ല കളക്ഷൻ ഉണ്ടായിരുന്ന കെഎസ്ആആർടിസി ബസും ഇപ്പോൾ സർവീസ് നടത്താത്തത്, രാവിലെ സമയത്ത് റെയിൽവേ സ്റ്റേഷൻ, കളക്ട്രേറ്റ്, ജില്ലാ ആശുപത്രി, മാർക്കറ്റ്, കെഎസ്ആആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് അധികഭാരമാകുന്നുമുണ്ട്.
    ഒളശ പാലം പൊളിച്ചപ്പോൾ സമാന്തരപാതയായി ഉപയോഗിക്കേണ്ട ചേനപ്പാടി - പുലിക്കുട്ടിശേരി റോഡും, പരിപ്പ് - മുട്ടേൽ - പുത്തൻതോട് റോഡും ഗതാഗതയോഗ്യമല്ലാത്തതും സമാന്തരപാതയിലൂടെ ബസുകൾ സർവീസ് നടത്താൻ വിസമ്മതിക്കുന്നതും കൂനിൻമേൽക്കുരുവായി തുടരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ