കേന്ദ്രമന്ത്രി അജയ് മിശ്രയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം; അഞ്ച് പേര്‍ അറസ്റ്റില്‍.

കേന്ദ്രമന്ത്രി അജയ് മിശ്രയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം; അഞ്ച് പേര്‍ അറസ്റ്റില്‍.
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ അക്രമ സംഭവങ്ങളുടെ വീഡിയോകള്‍ കാണിച്ച് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
       ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അജയ് മിശ്രയ്ക്ക് കുരുക്കാവുന്ന വീഡിയോകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ ലഭിച്ചതായി അജയ് മിശ്ര ഡിസംബര്‍ 17-ന് പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വീട് പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. നാലു പേരെ നോയിഡയില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്.
       പണമാവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ ലഭിച്ചതായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് തങ്ങള്‍ക്ക് പരാതി ലഭിച്ചതിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ ഒക്ടോബര്‍ 3ന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബറില്‍ അറസ്റ്റിലായതിന് ശേഷം ഇയാള്‍ ജയിലിലാണ്. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ മന്ത്രിയുടെ വാഹനവ്യൂഹം വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നപ്പോള്‍ തങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് മന്ത്രിയും മകനും അവകാശപ്പെട്ടിരുന്നു. അടുത്തിടെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം സംഭവത്തെ ആസൂത്രിതമായ ഗൂഢാലോചനയെന്ന് വിളിക്കുകയും ആശിഷ് മിശ്രയ്ക്കെതിരേ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ  മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Post a Comment

أحدث أقدم