ഓപ്പറേഷന്‍ ട്രോജന്‍; 107 ഗുണ്ടകളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു.
പത്തനംതിട്ട: വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും ഗുണ്ടാ തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ള 'ഓപ്പറേഷന്‍ ട്രോജനി'ല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിടിയിലായത് 107 ഗുണ്ടകള്‍. ജില്ലയിലെ ഗുണ്ടാ പട്ടികയില്‍പ്പെട്ട 141 പേരില്‍ പ്രശ്‌നക്കാരായവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷനുകളില്‍ നേരിട്ട് വിളിച്ചു വരുത്തിയാണ് അറസ്റ്റ്. അവര്‍ നിലവിലെങ്ങനെ കഴിഞ്ഞു വരുന്നുവെന്നതും ആരൊക്കെയുമായി ബന്ധപ്പെടുന്നുണ്ട് എന്നതും മറ്റു വിവരങ്ങളും പോലീസ് ശേഖരിച്ചു. അതേസമയം, ഇത്രയും പേരെ പിടികൂടിയിട്ടും ഒരു മാരാകായുധം പോലും പോലീസ് പിടികൂടിയിട്ടില്ല.
ആകെ പിടിച്ചത് 52 പേരില്‍ നിന്നും കുറച്ച് മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ്. പിടിയിലായവരില്‍ കുറച്ചു പേരെ ജാമ്യത്തില്‍ വിട്ടു. ചിലരെ റിമാന്‍ഡ് ചെയ്തു. 30 പേര്‍ക്കെതിരേ ബോണ്ട് വെപ്പിയ്ക്കല്‍ നടപടി തുടങ്ങി. ഒരാള്‍ക്കെതിരേ കാപ്പ നിയമ പ്രകാരമുള്ള നടപടി തുടങ്ങി.
ഡിസംബര്‍ 18 മുതല്‍ 25 വരെ സമൂഹവിരുദ്ധര്‍, ഗുണ്ടകള്‍ തുടങ്ങി 599 പേരെ പരിശോധന നടത്തി. 280 പേരുടെ വീടുകള്‍ റെയ്ഡ് ചെയ്തു.
സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരേ പോലീസ് സ്റ്റേഷന്‍ തലത്തില്‍ പുതുതായി 69 റൗഡി ഹിസ്റ്ററി ഷീറ്റുകളും തയ്യാറാക്കിത്തുടങ്ങി. പഴയ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 17 പേരെ ഈ കാലയളവില്‍ അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ ഉളവാക്കും വിധം സന്ദേശം പ്രചരിപ്പിച്ചതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇത്തരക്കാരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
إرسال تعليق