അദ്ധ്യാപകര്‍ക്കും ഇനി മാര്‍ക്കിടും; മികവ് നോക്കി ശമ്പളവും സ്ഥാനക്കയറ്റവും.

അദ്ധ്യാപകര്‍ക്കും ഇനി മാര്‍ക്കിടും; മികവ് നോക്കി ശമ്പളവും സ്ഥാനക്കയറ്റവും.
ന്യൂഡല്‍ഹി : സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല അദ്ധ്യാപകര്‍ക്കും ഇനി മാര്‍ക്കിടും. രാജ്യത്ത് സ്‌കൂള്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മൂല്യനിര്‍ണ്ണയ സംവിധാനം വരുന്നു.
      പല അദ്ധ്യാപകരും അക്കാദമിക് മികവ് പുലര്‍ത്തുന്നില്ലെന്ന വിലയിരുത്തലിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ (എന്‍സിടിഇ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ് (എന്‍സിഎസ്ടി) എന്ന മാര്‍ഗ്ഗരേഖയുടെ കരട് തയ്യാറാക്കി.
അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റവും സേവന കാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത് എന്ന് കരട് മാര്‍ഗ്ഗരേഖയില്‍ പറയുന്നു. മാര്‍ഗ്ഗരേഖ അനുസരിച്ച്‌ അദ്ധ്യാപകരുടെ കരിയറില്‍ ബിഗിനര്‍ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീണ്‍ ശിക്ഷക്), എക്സ്പര്‍ട്ട് (കുശാല്‍ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ടാകും. ബിഗിനര്‍ ആയാണ് നിയമനം. മൂന്ന് വര്‍ഷത്തിന് ശേഷം പ്രൊഫിഷ്യന്റ് സ്ഥാനത്തേക്ക് അപേക്ഷിക്കാം. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം എക്‌സ്പര്‍ട്ട് തലത്തിലേക്കും അപേക്ഷിക്കാം. ഓരോ വര്‍ഷത്തേയും പ്രവര്‍ത്തന രീതി വിലയിരുത്തിയതിന്റെയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്‌സ്പര്‍ട്ട് ടീച്ചറായി പ്രവര്‍ത്തിച്ച്‌ അഞ്ച് വര്‍ഷത്തിന് ശേഷമാകും ലീഡ് ടീച്ചറാകുക.
      പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും സ്ഥാനക്കയറ്റം അനുവദിക്കുന്നതും എന്‍സിഇടി ആണ്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകളും ഇത് നടപ്പിലാക്കണം. ഓണ്‍ലൈനായും ഓഫ്‌ലൈനായും മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കും. എല്ലാ വര്‍ഷവും 50 മണിക്കൂറെങ്കിലും തുടര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. കരട് മാര്‍ഗ്ഗരേഖയില്‍ ഡിസംബര്‍ 16 വരെ പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.

Post a Comment

വളരെ പുതിയ വളരെ പഴയ