പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.
തിരു.: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 400ലേറെ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അര നൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.
സി. ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13ന് ചേർത്തലയിലായിരുന്നു ജനനം. 1972ൽ പുറത്തിറങ്ങിയ 'ഭജഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. എന്നാൽ 'അക്കാൽദാമ' യാണ് ആദ്യം പുറത്തു വന്ന ചിത്രം. ശ്യാം, എ. ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീത സംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂൽ കല്ല്യാണം) മികച്ച ഗാന രചനക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 1985ൽ പുറത്തിറങ്ങിയ 'സത്യം' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനുമായി. 'ശക്തി' എന്ന ചിത്രത്തിനായി കഥയും സംഭാഷണവും 'ഇഷ്ടപ്രാണേശ്വരി' എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
പ്രസന്നയാണ് ഭാര്യ. സുമൻ മകനാണ്. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.
യോദ്ധാ എന്ന ചിത്രത്തിലെ പടകാളി എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടത്.
യോദ്ധാ എന്ന ചിത്രത്തിലെ പടകാളി എന്നു തുടങ്ങുന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു പാട്ടാണ്. അതിലെ ചില വാക്കുകൾക്ക് ഉച്ചാരണ വ്യത്യാസം വന്നതായി കവി പരിഭവപ്പെട്ട ചില വാക്കുകൾ ശ്രദ്ധിക്കാം.
"ചെന്നൈയിൽ റഹ്മാന്റെ സ്റ്റുഡിയോയിൽ വെച്ച് സംഗീത് ശിവൻ ഗാനസന്ദർഭം വിവരിച്ചു തന്നപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്ര രൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന ഒരു ഗാനമായാൽ സന്ദർഭത്തിന് ഇണങ്ങുമെന്ന് തോന്നി. സംഗീതിനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മഹാകവി നാലാങ്കലിന്റെ 'മഹാക്ഷേത്രങ്ങൾക്ക് മുന്നിൽ' എന്ന പുസ്തകം ആ ഘട്ടത്തിലാണ് എനിക്ക് തുണയായത്. പടകാളി, പോർക്കലി, ചണ്ഡി, മാർഗിനി എന്നിങ്ങനെ ദേവിയുടെ പര്യായപദങ്ങൾ ഒന്നൊന്നായി മനസ്സിൽ ഒഴുകിയെത്തുന്നു. ഹാസ്യ ഗാനമായതിനാൽ ആഴമുള്ള ആശയങ്ങൾ ആരും പ്രതീക്ഷിക്കാനിടയില്ല. എങ്കിലും ഉപയോഗിക്കുന്ന പദങ്ങൾ അർഥശൂന്യമാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. ആരാധനയുമായി ബന്ധപ്പെട്ട വാക്കുകളാണ് പാട്ടിൽ ഏറെയും പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം എന്നിങ്ങനെ'.
പുത്തൻ തലമുറ പോലും അകമഴിഞ്ഞ് ആസ്വദിക്കുന്നു ആ പാട്ട്. സ്റ്റേജിലും റിയാലിറ്റി ഷോകളിലുമൊക്കെ ഇന്നും പതിവായി 'പടകാളി' പാടിക്കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് ബിച്ചുവിന്. ദു:ഖം ഒരു കാര്യത്തിൽ മാത്രം: ''പാട്ടിലെ പോർക്കലിയും മാർഗിനിയും ഓർമ്മയായി. പകരം പോക്കിരിയും മാക്കിരിയും വന്നു. ഇപ്പോൾ അധികം പേരും പാടിക്കേൾക്കാറുള്ളത് പടകാളി ചണ്ഡിച്ചങ്കരി പോക്കിരി മാക്കിരി എന്നാണ്.'' പടകാളി എന്ന് പറഞ്ഞാൽ ഭദ്രകാളി, ചണ്ഡി എന്ന് പറഞ്ഞാലും ഭദ്രകാളി തന്നെ. ഇനി ചങ്കരി അഥവാ ശങ്കരി എന്ന് പറഞ്ഞാൽ ശങ്കരന്റെ അതായത് പരമശിവന്റെ ഭാര്യ. പോർക്കലി എന്നാൽ പോരിൽ കലി തുള്ളുന്നവൾ എന്നാണ് അർത്ഥം. മാർഗനി എന്നാൽ മാർഗ്ഗനിർദ്ദേശം നൽകുന്നവൾ. ഇതെല്ലാം ദേവിയുടെ പര്യായപദങ്ങളാണ്. പക്ഷെ ഇത് എല്ലാവരും പാടിപ്പാടി പോക്കിരി മാക്കിരി എന്നൊക്കെ ആക്കിക്കളഞ്ഞു".
പാട്ടിൽ വരുന്ന തടിയാ, പൊടിയാ എന്നീ വിളികൾക്കുപിന്നിലും രസകരമായ കഥയുളളതായി ബിച്ചു തിരുമല പറഞ്ഞിട്ടുണ്ട്.
ആകാശവാണിയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ എം.ജി രാധാകൃഷ്ണനും ഉദയഭാനുവും പരസ്പരം തമാശ പറഞ്ഞ് കളിയാക്കി വിളിച്ചിരുന്ന പേരുകളാണ് തടിയാ പൊടിയാ എന്നുളളത്. പാട്ടിലെ സാഹചര്യത്തിനനുസരിച്ച് ആ ഈണത്തിലേക്ക് ഈ രണ്ടു പദങ്ങളെ വിളക്കിച്ചേർക്കുകയായിരുന്നു.
ഇന്നത്തെ ജനറേഷന് പോലും ആ പാട്ടുകൾ മനഃപാഠമാണ്. നമുക്ക് വളരെ ലളിതമായി തോന്നുന്ന വാക്കുകൾ അദ്ദേഹം വളരെ ഔചിത്യത്തോടെ ഉപയോഗിച്ചു എന്നുളളതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ