കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി.
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി മന്ത്രി എ. കെ. ശശീന്ദ്രന് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കില്ല. പൗരന്മാർക്ക് വേട്ട അനുവദിച്ചാൽ ഗുരുതര പ്രശ്നം ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചതായി ശശീന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, കേരളത്തിന്റെ പ്രശ്നങ്ങൾ പഠിക്കുമെന്ന് കേന്ദ്രവനം മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യം തടയുന്നതിനായി കേരളത്തിന് മറ്റെന്തെങ്കിലും സഹായം നൽകാനാകുമോയെന്ന് പരിശോധിക്കുമെന്നും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി.
അഞ്ചു വര്‍ഷത്തിനുള്ളില്‍ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്കു നഷ്ടപരിഹാരമായി നല്‍കിയെന്നും നാലു പേര് മരിച്ചെന്നുമുള്ള കണക്കുകള്‍ നിരത്തിയാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കൊല്ലുന്നതിന് അനുമതി നല്കണമെന്നുമാവശ്യപ്പെട്ടു കഴിഞ്ഞ വര്‍ഷം സംസ്ഥാന വനംവകുപ്പു കേന്ദ്രത്തിനു ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഈ വര്‍ഷം ജൂണില്‍ വീണ്ടും ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും വിശദവിവരങ്ങള്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.
إرسال تعليق