ഈ അമ്മ ഒഴുക്കിയ വിയർപ്പും കൊണ്ട ചൂടും വെറുതെയായില്ല; ശ്യാമിന് റാങ്ക് നേട്ടം.
അമ്പലപ്പുഴ: വണ്ടാനം കാട്ടുങ്കൽ വീട്ടിൽ ജലജാമണി തൊഴിലുറപ്പ് ജോലിക്കിടെ ഒഴുക്കിയ വിയർപ്പും കഞ്ഞിപ്പുരയിൽ കൊണ്ട ചൂടും വെറുതെയായില്ല, വെറ്ററിനറി സയൻസ് പിജി പ്രവേശനത്തിനു അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്ക് നേടി മകൻ ശ്യാംസുഗുണൻ അമ്മയുടെയും നാടിന്റെയും അഭിമാനമായി. ഒറ്റമുറി വീട്ടിനുള്ളിലെ കഷ്ടതകൾക്കിടയിലും മക്കളുടെ പഠനം മുടങ്ങരുതെന്ന നിർബന്ധമാണ് തൊഴിലുറപ്പ് ജോലിക്കു പുറമേ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം സേവാഭാരതിയുടെ കഞ്ഞിപ്പുരയിലും ജോലിക്കു പോകാൻ ജലജാമണിയെ പ്രേരിപ്പിച്ചത്.
നീർക്കുന്നം ഗവ.എസ്ഡിവി യുപി സ്കൂളിലും ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിലുമായിരുന്നു ശ്യാമിന്റെ സ്കൂൾ പഠനം. വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ നിന്നു ഡിഗ്രി പഠനം പൂർത്തിയാക്കി. പ്രവേശന പരീക്ഷയുടെ മുന്നൊരുക്കം ഒറ്റമുറി വീട്ടിലിരുന്നാണു നടത്തിയത്. പിജി പഠനത്തിനു യുപിയിലെ റായ്ബറേലി കോളജിലാണ് പ്രവേശനം ലഭിച്ചത്. തന്റെ വിജയത്തിന്റെ പിന്നിലെ എല്ലാ ക്രെഡിറ്റും അമ്മയ്ക്ക് അവകാശപ്പെട്ടതാണെന്നു ശ്യാം പറയുന്നു. സഹോദരി ശിൽപ ആലപ്പുഴ മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യനാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ