യുഎസിലെ ടെക്സസിൽ വെടിവയ്പ്പ്; മലയാളി കൊല്ലപ്പെട്ടു.
മെസ്കിറ്റ്(ഡാലസ്): ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി മെസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവിൽ സാജൻ മാത്യൂസ് (സജി – 56) ആണ് കൊല്ലപ്പെട്ടത്. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ അമേരിക്കക്കാരനാണ് വെടിയുതിർത്തത്. ഡാലസ് കൗണ്ടിയിൽ മെസ്കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉടൻ തന്നെ സജിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ലാണ് കുവൈത്തിൽ നിന്ന് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമ ചർച്ച് അംഗമാണ്. ഡാലസിൽ നഴ്സായി പ്രവർത്തിക്കുന്ന മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
മെസ്ക്കിറ്റിൽ മലയാളികൾ പാർട്നർമാരായാണ് സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തി വന്നത്. സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജന സഖ്യത്തിലെ സജീവ അംഗമായിരുന്നു. രാത്രി വൈകിട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. സാജന്റെ മരണം ഡാലസിലെ മലയാളി സമൂഹത്തിലാകെ ഞെട്ടലുണ്ടാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി നിരവധി മലയാളികളാണ് എത്തിയത്.
إرسال تعليق